തന്റെ പടുകൂറ്റൻ സിക്സർ പതിച്ച് മുഖത്ത് പരിക്കേറ്റ മീനയ്ക്ക് സ്നേഹസമ്മാനവുമായി രോഹിത് ശർമ്മ

29

ബംഗ്ലാദേശുമായി നടന്ന ലോകകപ്പ് മൽസരത്തിനിടെ തന്റെ സിക്സർ മുഖത്തുകൊണ്ട് പരിക്കേറ്റ ആരാധികയെ നേരിൽ കണ്ട് സമ്മാനം നൽകി ഹിറ്റ്മാൻ രോഹിത് ശർമ്മ. കഴിഞ്ഞദിവസം നടന്ന ഇന്ത്യാ ബംഗ്ലാദേശ് മത്സരത്തിൽ രോഹിത് ശർമ്മ സെഞ്ചുറിയടിച്ചിരുന്നു. 92 പന്തിൽ 7 ബൗണ്ടറികളും 5 സിക്സറുകളുമടക്കം 104 റൺസായിരുന്നു മത്സരത്തിൽ രോഹിത് നേടിയത്.

കളിയിൽ രോഹിത് പറത്തിയ സിക്സറുകളിലൊന്ന് ഗ്യാലറിയിൽ കളി കാണാനുണ്ടായിരുന്ന ഇന്ത്യൻ ആരാധികയുടെ മേലാണ് വീണത്. രോഹിതിന്റെ സിക്സ് ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് മീനയുടെ മുഖത്ത് പന്ത് പതിച്ചത്. പന്തു കൊണ്ട മീനയ്ക്ക് മുഖത്ത് പരിക്കേറ്റു.

Advertisements

ഇതറിഞ്ഞ രോഹിത് മത്സരശേഷം മീനയെ കാണുകയും തന്റെ ഒപ്പിട്ട തൊപ്പി സമ്മാനിക്കുകയുമായിരുന്നു. ആരാധികയോടൊപ്പമുള്ള രോഹിത്തിന്റെ ചിത്രം ബിസിസിഐ ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ടു.

ഇതോടെ ചിത്രം ഷെയർ ചെയ്ത് രോഹിത്തിന്റെ നടപടിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. ലോകകപ്പിൽ നാല് സെഞ്ചുറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും രോഹിത് സ്വന്തമാക്കി. മത്സരത്തിൽ 28 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ജയത്തോടെ ഇന്ത്യ സെമി ഉറപ്പിക്കുകയും ചെയ്തിരുന്നു.

Advertisement