റിയാലിറ്റി ഷോ താരത്തിന്റെ അക്കൗണ്ടില്‍ നിന്നും ബാങ്ക് ഉദ്യോഗസ്ഥനെന്ന വ്യാജേന യുവാവ് 1.7 ലക്ഷം രൂപ തട്ടിയെടുത്തു

16

മുംബൈ: പ്രമുഖ സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ താരത്തിന്റെ അക്കൗണ്ടില്‍ നിന്നും 1.7 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ പൊലീസ് പിടികൂടി. ഇന്ത്യന്‍ ഐഡല്‍ എന്ന സംഗീത റിയാലിറ്റി ഷോയിലെ മത്സരാര്‍ഥി അവന്തി പട്ടേലാണ് തട്ടിപ്പിനിരയായത്.

അവന്തിയുടെ സഹോദരിയുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് സ്വദേശി രാജ്കുമാര്‍ ജയ്നാരായണ്‍ മണ്ഡല്‍ എന്ന ഇരുപത്തിരണ്ടുകാരനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisements

അവന്തി പട്ടേലിനെയും സഹോദരിയെയും പൊതുമേഖല ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇയാള്‍ പരിചയപ്പെടുന്നത്. നല്ല പെരുമാറ്റത്തിലൂടെ വിശ്വാസ്യത നേടിയ പ്രതി തന്ത്രപൂര്‍വ്വം ഇവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഡെബിറ്റ് കാര്‍ഡിന്റെ പാസ്വേഡും മനസ്സിലാക്കുകയായിരുന്നു.

പങ്കജ് ശര്‍മ എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ കാര്‍ഡ് നമ്പര്‍ പറഞ്ഞശേഷം അത് ആക്ടിവേറ്റ് ചെയ്യാന്‍ ഒടിപി നമ്പര്‍ പറഞ്ഞുതരണമെന്ന് ആവശ്യപ്പെട്ടു. പട്ടേല്‍ ഒടിപി നമ്പര്‍ പറഞ്ഞുകൊടുത്ത ഉടന്‍ അക്കൗണ്ടില്‍ നിന്ന് മൂന്ന് തവണയായി അമ്പതിനായിരം രൂപ വീതം പിന്‍വലിക്കപ്പെട്ടു.

ഈ പണം ഉടനെ അക്കൗണ്ടിലേക്ക് തിരികെയെത്തുമെന്നും അതിനായി മറ്റൊരു അക്കൗണ്ടിന്റെ വിവരങ്ങള്‍ കൂടി നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് പട്ടേല്‍ സഹോദരിയുടെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയത്.

ഇതില്‍ നിന്നും ഉടനെ അമ്പതിനായിരം രൂപയും ഇരുപത്തി അയ്യായിരം രൂപയും പിന്‍വലിക്കപ്പെട്ടു. ഈ പണം തിരികെ എത്താതായതോടെയാണ് പട്ടേല്‍ പോലീസില്‍ പരാതി നല്‍കിയത്.റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ അവന്തി പട്ടേലിന് നിരവധി ആരാധകരുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മുംബൈ പൊലീസാണ് പ്രതിയെ പിടികൂടിയത്.

Advertisement