ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന്റെ പരുക്ക് ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് ലൈനപ്പിനെ ചെറുതല്ലാത്ത രീതിയിൽ ബാധിക്കുമെന്നതിൽ തർക്കമില്ല.
ടീമിന്റെ കരുത്ത് എന്നറിയപ്പെടുന്ന ടോപ് ത്രീയിലാണ് വിള്ളലുണ്ടായിരിക്കുന്നത്. ധവാൻ പരുക്കിന്റെ പിടിയിലായതോടെ മുൻനിര താരങ്ങളിൽ ഒരു ഇടം കൈ ബാറ്റ്സ്മാൻ ഇല്ലാത്ത അവസ്ഥയുമുണ്ടായി.
ധവാന് പകരമായി ഇംഗ്ലണ്ടിലെത്തിയ യുവതാരം ഋഷഭ് പന്തിലേക്കാണ് ശ്രദ്ധ നീളുന്നത്.
16ന് പാകിസ്ഥാനെതിരെ മാഞ്ചസ്റ്ററിൽ നടക്കുന്ന മത്സരത്തിന് മുമ്ബ് മാത്രമേ പന്ത് ഇന്ത്യൻ ടീമിനൊപ്പം ചേരുകയുള്ളു.
ധവാന്റെ പരുക്ക് നിരീക്ഷിക്കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. ഏതാനും മത്സരങ്ങൾ നഷ്ടമായാലും ധവാന് ടൂർണമെന്റിൽ തുടർന്നും കളിക്കാനാവുമോ എന്നാണ് മാനേജ്‌മെന്റ് നോക്കുന്നത്.
ഇത് വിലയിരുത്തിയാകും പന്തിനെ പകരക്കാരനായി പ്രഖ്യാപിക്കണോ വേണ്ടയോ എന്നതു സംബന്ധിച്ച തീരുമാനമുണ്ടാകൂ.
ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് വേണ്ടിയാണ് യുവതാരത്തെ നേരത്തെ ഇംഗ്ലണ്ടിലേക്ക് അയക്കുന്നതെന്ന് ബിസിസിഐ വൃത്തങ്ങൾ പറയുന്നു.
എന്നാൽ, ഐസിസിയുടെ കടുത്ത നിയന്ത്രണങ്ങൾ പന്തിനും ടീമിനും തിരിച്ചടിയാകുന്നുണ്ട്.
ധവാന്റെ പകരക്കാരനായി ഔദ്യോഗികമായി പന്തിനെ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ ടീമിനൊപ്പം പരിശീലനം നടത്താൻ മാത്രമേ താരത്തിന് അനുമതിയുള്ളൂ.
ടീം താമസിക്കുന്ന ഹോട്ടലിൽ അദ്ദേഹത്തിന് താമസിക്കാനുമാകില്ല. ടീം അംഗങ്ങൾക്ക് ലഭിക്കുന്ന മാച്ച് ഫീ അടക്കമുള്ള ആനുകൂല്യങ്ങളൊന്നും പന്തിന് ലഭ്യമാകില്ല.
ബിസിസിഐയുടെ ചെലവിലാണ് പന്ത് ഇംഗ്ലണ്ടിൽ തുടരുന്നത്.