ഇന്നുവരെ റോയൽ എൻഫീൽഡ് പുറത്തിറക്കിയതിൽ ഏറ്റവും മികച്ച ബൈക്കുകളിലൊന്നാണ് ഇന്റർസെപ്റ്റർ 650.
അടിപൊളി ക്ലാസിക് ലുക്കും കരുത്തൻ എൻജിനുമായി എത്തുന്ന ഇന്റർസെപ്റ്റർ ഇന്ത്യയിൽ മാത്രമല്ല രാജ്യാന്തര വിപണിയിലും സൂപ്പർഹിറ്റായി.
റോയൽ എൻഫീൽഡിന്റെ ഈ സൂപ്പർസ്റ്റാറിന് പുതിയ മുഖം നൽകിയിരിക്കുന്നു മോഡിഫിക്കേഷനിലൂടെ. ഇന്തോനീഷ്യയിലെ ജക്കാർത്തയിലെ ത്രൈവ് മോട്ടോർ സൈക്കിൾസാണ് മോഡിഫിക്കേഷൻ നടത്തിയത്.
റെട്രോ മോഡേൺ ലുക്കിൽ അണിയിച്ചൊരുക്കിയ ഇന്റർസെപ്റ്ററിനെ പുതിയൊരു ബൈക്കാക്കി മാറ്റി എന്നുതന്നെ പറയാം. ടിഎക്‌സ്എക്‌സ് ഇന്റർസെപ്റ്റർ എന്നാണ് ഈ ബൈക്കിന് ത്രൈവ് നൽകിയിരിക്കുന്ന പേര്.
ഇന്ധനടാങ്ക്, ബാറ്ററി ബോക്‌സ്, ഫെൻഡർ, സൈഡ് പാനൽ തുടങ്ങി അടിമുടി മാറ്റങ്ങളുണ്ട് ടിഎക്‌സ്എക്‌സിന്. ഒർജിനൽ ബോഡി പാർട്‌സുകൾക്ക് പകരം ഹാൻഡ് ക്രാഫ്റ്റഡ് അലുമിനിയം ബോഡി നൽകിയിരിക്കുന്നു.
കടും പച്ച നിറത്തിൽ ഗോൾഡൻ ഗ്രാഫിക്‌സുമുണ്ട്. ഉരുണ്ട ഹെഡ്ലാംപിന് പകരം എൽഇഡി ഡേറ്റം റണ്ണിങ് ലാംപുകളാണ്.
മുന്നിൽ കസ്റ്റം മെയ്ഡ് ഫോർക്ക് നൽകിയപ്പോൾ പിന്നിൽ സിസുക്കി ജിഎസ്എക്‌സ് ആർ600ലെ മോണോ ഷോക്ക് നൽകി, കൂടാതെ ജിഎസ്എക്‌സ് ആർ600 സ്വിങ് ആമുമുണ്ട്.
ചെറിയ ഇന്റട്രുമെന്റ് ക്ലസ്റ്ററും, സ്‌റ്റൈലൻ ഫ്യൂവൽ ലിഡും. ഇന്റർസെപ്റ്ററിലെ ടയറുകളും റിമ്മും മാറ്റി പുതിയ അലോയ് വീലുകൾ നൽകിയിട്ടുണ്ട്. എൻജിനിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നാണ് കരുതുന്നത്.