പെരിയാറിന്റെ പ്രതിമ തകര്‍ത്തവര്‍ കാട്ടാളന്‍മാര്‍; ബിജെപിക്ക് എതിരെ ആഞ്ഞടിച്ച് രജനികാന്ത്

30

ചെന്നൈ: വെല്ലൂരില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്തതില്‍ പ്രതികരണവുമായി രജനീകാന്ത്. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത് കാട്ടാള മനോഭാവമുള്ളവരാണെന്ന് താരം പറഞ്ഞു. രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചശേഷം ഇതാദ്യമായാണ് താരത്തിന്റെ തുറന്ന വിമര്‍ശനം. ബിജെപി പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന വിഷയത്തില്‍ രജനിയുടെ വിമര്‍ശനത്തിനു വലിയ പ്രാധാന്യം കല്‍പിക്കുന്നവരുമുണ്ട്. രജനി ബിജെപിയുമായി കൂട്ടുചേരുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് അവര്‍ക്ക് എതിരെ ആഞ്ഞടിച്ച് രജനികാന്ത് രംഗത്തെത്തിയത്.

ഇതിനിടെ, പെരിയാറിന്റെ പ്രതിമകള്‍ തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്ത ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയ്ക്കെതിരെ വൈകാരിക പ്രതികരണവുമായി നടന്‍ സത്യരാജും നടി ഖുശ്ബുവും രംഗത്തെത്തി. മരിച്ചുപോയ വെറുമൊരു മനുഷ്യനല്ല പെരിയാറെന്നും, അദ്ദേഹമൊരു പ്രത്യയശാസ്ത്രമാണെന്നും സത്യരാജ് പ്രതികരിച്ചു. എച്ച്.രാജയ്ക്കെതിരെ സത്യരാജിന്റെ പ്രതികരണമുള്ള വീഡിയോ മകനും നടനുമായ സിബിരാജാണ് പുറത്തുവിട്ടത്. പ്രതിഷേധ സൂചകമായി കറുപ്പുടുത്ത് രൂക്ഷമായ ഭാഷയിലായിരുന്നു പ്രതികരണം.

Advertisements

ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്ത നടപടിയെ ഞാന്‍ ശക്തമായി അപലപിക്കുന്നു. പെരിയാറിന്റെ പ്രതിമകള്‍ തകര്‍ക്കുമെന്ന് വെല്ലുവിളിച്ച എച്ച്.രാജയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. പെരിയാര്‍ ഞങ്ങള്‍ക്ക് വെറുമൊരു പ്രതിമയല്ല. ഒരു ശരീരമോ, ചോരയോ, മാംസമോ, എല്ലുകള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട വെറുമൊരു മനുഷ്യനോ അല്ല. പെരിയാര്‍ ഒരു തത്വചിന്തയാണ്. തൊഴിലാളി വര്‍ഗത്തിന്റെയും സ്ത്രീകളുടെയും സ്വാതന്ത്രത്തിനുവേണ്ടി പിറവികൊണ്ട തത്വചിന്ത. അന്ധവിശ്വാസങ്ങളെയും അനാചരങ്ങളെയും തൂത്തെറിയാന്‍ ഉണ്ടായ പ്രത്യയശാസ്ത്രം. പെരിയാര്‍ ഞങ്ങളുടെ ഹൃദയത്തിലാണ് ജീവിക്കുന്നത്. നിങ്ങളുടെ അധികാരം കൊണ്ടോ കരുത്ത് കൊണ്ടോ ഞങ്ങളുടെ ഹൃദയങ്ങളില്‍ നിന്നും പെരിയാറിനെ അകറ്റാന്‍ നിങ്ങള്‍ക്ക് കഴിയില്ല. സമയവും തീയതിയും പറഞ്ഞാല്‍ പെരിയാറിന്റെ അനുയായികള്‍ നിങ്ങളെ നേരിടാന്‍ തയ്യാറാണെന്നും സത്യരാജ് വീഡിയോയില്‍ പറയുന്നു.

ജ്ഞാന രാജശേഖരന്‍ സംവിധാനം ചെയ്ത പെരിയാര്‍ എന്ന സിനിമയില്‍ പെരിയാര്‍ ഇ.വി. രാമസ്വാമിയെ അവതരിപ്പിച്ചത് സത്യരാജ് ആയിരുന്നു. ഇതേ സിനിമയില്‍ പെരിയാറുടെ സഹപ്രവര്‍ത്തകയും രണ്ടാം ഭാര്യയുമായ മണിയമ്മയുടെ വേഷത്തിലെത്തിയ നടി ഖുശ്ബുവും ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

ഈ വൃത്തികെട്ട ‘ഈച്ച രാജ’യെ പുറത്താക്കാന്‍ ബിജെപിക്ക് ധൈര്യമുണ്ടോ എന്നു നോക്കട്ടെ എന്നായിരുന്നു കോണ്‍ഗ്രസ് ദേശീയ വക്താവ് കൂടിയായ ഖുശ്ബുവിന്റെ വാക്കുകള്‍. ഞാന്‍ അവിടെയുണ്ടാകും. എന്നെയും എന്നെ പോലുള്ള നിരവധി പേരെയും മറികടന്ന് പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ എന്ന് നോക്കട്ടെ. നിങ്ങളുടെ നിഴലിനുപോലും പെരിയാറിനെ തൊടാനാകില്ല-ഖുശ്ബു പറഞ്ഞു.

Advertisement