ദുബൈ: വിനോദ സഞ്ചാരികളുടെ കൂടെ വരുന്ന 18 വയസിനു താഴെയുള്ളവര്‍ക്ക് യുഎഇ വീസ സൗജന്യമാക്കി. യുഎഇ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്ന മാതാപിതാക്കള്‍ക്ക് ഇനി കൂടുതല്‍ സന്തോഷിക്കാം.യുഎഇ മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ഇതു പ്രകാരം ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ വേനല്‍ക്കാലത്ത് വീസാ ഫീസിളവ് ലഭിക്കും. അവധിക്കാലത്ത് യുഎഇ സന്ദര്‍ശിക്കാനെത്തുന്ന കുടുംബങ്ങളുടെ യാത്രാ ചെലവ് ചുരുക്കുന്നതിനാണ് ഈ തീരുമാനം.
വര്‍ഷം തോറും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് യുഎഇ സന്ദര്‍ശിക്കാനെത്തുന്നത്. വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് യുഎഇ. അടുത്തിടെ യുഎഇയിലെത്തുന്ന ട്രാന്‍സിറ്റ് വീസക്കാര്‍ക്ക് ആദ്യത്തെ 48 മണിക്കൂര്‍ വീസാ ഫീസ് ഇളവ് നല്‍കിയിരുന്നു. ഇപ്പോള്‍ എടുത്ത ഈ പുതിയ തീരുമാനവും വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. യുഎഇ രാജ്യാന്തര വിമാനത്താവളങ്ങളില്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ എത്തിയ യാത്രക്കാരുടെ എണ്ണം 32.8 ദശലക്ഷമാണെന്നും അധികൃതര്‍ അറിയിച്ചു.