എല്ലാ തിരിച്ചടികള്‍ക്കും ഇതാ പരിഹാരം; കോഹ്‌ലിക്ക് നാല്‍പതാം ഏകദിന സെഞ്ചുറി, ഇന്ത്യ മികച്ച നിലയില്‍

22

നാഗ്പുര്‍: സകല തിരിച്ചടികള്‍ക്കും പരിഹാരമായി ഓസ്‌ട്രേലിയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കു സെഞ്ചുറി. 107 പന്തില്‍ ഒന്‍പതു ബൗണ്ടറികള്‍ സഹിതമാണ് കോഹ്‌ലി 40ാം ഏകദിന സെഞ്ചുറിയിലെത്തിയത്.

മികച്ച സ്‌കോര്‍ ഉന്നമിട്ടു കുതിക്കുന്ന ഇന്ത്യ 46 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സ് എന്ന നിലയിലാണ്. കോഹ്‌ലി 115 റണ്‍സോടെയും കുല്#ദീപ് 15 റണ്‍സി ഒന്നും എടുക്കാതെയും ക്രീസില്‍.

Advertisements

28.4 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെന്ന നിലയിലായിരുന്നു ഒരു ഘട്ടത്തില്‍ ഇന്ത്യ. എന്നാല്‍, വിജയ് ശങ്കറിന്റെ നിര്‍ഭാഗ്യകരമായ റണ്ണൗട്ടാണ് തിരിച്ചടിച്ചത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവും ആത്മവിശ്വാസമൂറുന്ന ഷോട്ടുകളുമായി കളം നിറഞ്ഞ വിജയ് ശങ്കര്‍, കന്നി ഏകദിന അര്‍ധസെഞ്ചുറിക്ക് തൊട്ടരികെയാണ് പുറത്തായത്.

41 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 46 റണ്‍സെടുത്ത ശങ്കര്‍, റണ്ണൗട്ടാവുകയായിരുന്നു. ആദം സാംപയുടെ പന്തില്‍ കോഹ്‌ലിയുടെ സ്‌ട്രൈറ്റ് ഡ്രൈവ് ബോളറുടെ കയ്യില്‍ തട്ടി സ്റ്റംപിളക്കുമ്പോള്‍ ക്രീസിനു പുറത്തായിരുന്നു ശങ്കര്‍.

നിര്‍ഭാഗ്യകരമായ പുറത്താകല്‍. മൂന്നിന് 75 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ നാലാം വിക്കറ്റില്‍ കോഹ്‌ലിശങ്കര്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 81 റണ്‍സാണ് രക്ഷപ്പെടുത്തിയത്.

വിജയ് ശങ്കറിനു കഴിഞ്ഞ മല്‍സരത്തിലെ മിന്നും താരങ്ങളായ കേദാര്‍ ജാദവ് (12 പന്തില്‍ 11), മഹേന്ദ്രസിങ് ധോണി (പൂജ്യം) എന്നിവര്‍ തുടര്‍ച്ചയായ പന്തുകളില്‍ പുറത്തായതോടെ ആറിന് 171 റണ്‍സെന്ന നിലയിലായി ഇന്ത്യ. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (പൂജ്യം), ശിഖര്‍ ധവാന്‍ (29 പന്തില്‍ 21), അമ്പാട്ടി റായുഡു (32 പന്തില്‍ 18) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായ മറ്റു താരങ്ങള്‍. ഓസീസിനായി ആദം സാംപ രണ്ടും പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, നേഥന്‍ ലയണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. നാല് ഏകദിനങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ലയണിന് വിക്കറ്റ് ലഭിക്കുന്നത്.

ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ത്തന്നെ രോഹിത് ശര്‍മയെ പുറത്താക്കി പാറ്റ് കമ്മിന്‍സാണ് ഓസീസിന് മികച്ച തുടക്കം സമ്മാനിച്ചത്. ആദ്യ ഓവര്‍ പൂര്‍ണമായും ക്രീസില്‍നിന്ന രോഹിത് അവസാന പന്തില്‍ ബൗണ്ടറിക്കു സമീപം ആദം സാംപയ്ക്കു ക്യാച്ച് സമ്മാനിച്ചാണ് പുറത്തായത്.

കോഹ്‌ലിധവാന്‍ സഖ്യം ഇന്ത്യയെ 38 റണ്‍സ് വരെയെത്തിച്ചെങ്കിലും ഒന്‍പതാം ഓവറിലെ മൂന്നാം പന്തില്‍ ധവാനും മടങ്ങി. ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങിയായിരുന്നു ധവാന്റെ മടക്കം. 29 പന്തില്‍ നാലു ബൗണ്ടറി സഹിതം 21 റണ്‍സെടുത്താണ് ധവാന്‍ കൂടാരം കയറിയത്.

കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഓസീസ് ഇക്കുറിയെത്തുന്നത്. കഴിഞ്ഞ മല്‍സരത്തില്‍ അരങ്ങേറിയ ആഷ്ടണ്‍ ടേണര്‍, ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫ് എന്നിവര്‍ക്കു പകരം ഷോണ്‍ മാര്‍ഷ്, നേഥന്‍ ലയണ്‍ എന്നിവര്‍ ടീമിലെത്തി. അതേസമയം, ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളില്ല. ട്വന്റി20 പരമ്പര ഓസീസിനോടു തോറ്റതിനു (02) പിന്നാലെയുള്ള പരമ്പരയില്‍ ആദ്യ കളിയിലെ 6 വിക്കറ്റ് ജയത്തോടെ ഇന്ത്യ തകര്‍പ്പന്‍ തിരിച്ചുവരവാണു നടത്തിയത്.

മൂന്നാം വിക്കറ്റില്‍ അമ്പാട്ടി റായുഡുവിനെ കൂട്ടുപിടിച്ച് കോഹ്‌ലി 37 റണ്‍സ് കൂടി ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. എന്നാല്‍, 17ാം ഓവറിന്റെ അവസാന പന്തില്‍ നേഥന്‍ ലയണിനു വിക്കറ്റ് സമ്മാനിച്ച് റായുഡു പുറത്തായി.

അംപയറുടെ എല്‍ബി തീരുമാനത്തെ റായുഡു റിവ്യൂ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യയുടെ ഒരു റിവ്യൂ അവസരം പാഴാക്കി റായുഡു പുറത്ത്. പിന്നീട് നീണ്ട അര്‍ധസെഞ്ചുറി കൂട്ടുകെട്ടിനു ശേഷം വിജയ് ശങ്കര്‍ പുറത്തായി. തീര്‍ത്തും നിര്‍ഭാഗ്യകരമായ പുറത്താകല്‍. പിന്നാലെ തുടര്‍ച്ചയായ പന്തുകളില്‍ കേദാര്‍ ജാദവ്, മഹേന്ദ്രസിങ് ധോണി എന്നിവരും മടങ്ങിയതോടെ ആറിന് 171 റണ്‍സ് എന്ന നിലയിലായി ഇന്ത്യ.

ജംതയിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഓസീസിനെതിരെ മുന്‍പു മൂന്നു വട്ടം ഏറ്റുമുട്ടിയപ്പോഴും ഇന്ത്യ സ്വന്തമാക്കിയതു മികച്ച വിജയങ്ങള്‍. 2009ല്‍ 99 റണ്‍സിന്, 2013ല്‍ 6 വിക്കറ്റിന്, 2017ല്‍ 7 വിക്കറ്റിന് എന്ന നിലയിലാണ് വേദിയിലെ മല്‍സരങ്ങളില്‍ ഇന്ത്യ വിജയത്തിലെത്തിയത്. ഈ മൂന്നു കളികളിലും ഒരു ഇന്ത്യന്‍ താരമെങ്കിലും സെഞ്ചുറി നേടിയിട്ടുമുണ്ട്!.

Advertisement