പതിനേഴുകാരനെ പ്രണയിച്ച് കല്യാണം കഴിച്ച് ഒരുമിച്ച് ജീവിച്ചു; അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയായി; ബാലപീഡനത്തിന് അകത്തായ 22 കാരിക്ക് പണികിട്ടിയത് ഇങ്ങനെ

30

മുംബൈ: പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരം മുംബൈയില്‍ 22-കാരി അറസ്റ്റിലായി.

തങ്ങള്‍ പ്രണയത്തിലായിരുന്നെന്നും കഴിഞ്ഞവര്‍ഷം വിവാഹം കഴിച്ചുവെന്നും യുവതി അവകാശപ്പെട്ടെങ്കിലും പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റത്തില്‍നിന്ന് അവര്‍ക്ക് മുക്തയാകാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഈ ബന്ധത്തില്‍ ഇവര്‍ക്ക് അഞ്ചുമാസം പ്രായമായ കുട്ടിയുമുണ്ട്.

Advertisements

ഉഭയസമ്മതപ്രകാരമാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്ന വാദവും പൊലീസ് അംഗീകരിച്ചില്ല. കുഞ്ഞിനെ ഒപ്പം കൂട്ടാന്‍ അനുവദിക്കണമെന്ന യുവതിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.

ബൈക്കുള ജയിലില്‍ കഴിയുന്ന ഇവര്‍ ഇപ്പോള്‍ ജാമ്യം നേടാനുള്ള ശ്രമത്തിലാണ്. ജാമ്യമില്ലാത്ത കുറ്റമാണ് പോക്‌സോ നിയമപ്രകാരമുള്ള കേസുകളിലേത്.

17കാരന്റെ അമ്മയുടെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. തന്റെ മകനെ വശീകരിച്ച്‌ യുവതി കൂടെത്താമസിപ്പിച്ചിരിക്കുകയാണെന്നായിരുന്നു പരാതി.

കഴിഞ്ഞ ഡിസംബറിലാണ് പൊലീസ് കേസെടുത്തത്. എന്നാല്‍, അറസ്റ്റ് ചെയ്തത് ഈമാസമാദ്യവും.

പോക്‌സോ പ്രകാരമുള്ള കുറ്റങ്ങള്‍ക്കുപുറമെ, പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയതിനും ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ശൈശവ വിവാഹ നിരോധന നിയമവും ചുമത്തിയിട്ടുണ്ട്.

2017 നവംബര്‍ എട്ടിനാണ് യുവതി ബാലനെ വിവാഹം ചെയ്തത്. 21 വയസ്സ് പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും 18 വയസ്സ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും വിവാഹം ചെയ്യുന്നത് ശൈശവ വിവാഹ നിരോധന നിയമം അനുസരിച്ച്‌ കുറ്റകരമാണ്.

കഴിഞ്ഞ ഡിസംബറില്‍ സ്വന്തം രക്ഷിതാക്കളും സഹോദരനുമായി വീട്ടിലെത്തിയ യുവതി താന്‍ പയ്യനെ വിവാഹം കഴിച്ചതാണെന്നും മറ്റൊരു വീട്ടില്‍ താമസിക്കാന്‍ പോവുകയാണെന്നും കാണിച്ച്‌ കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് അമ്മയുടെ പരാതിയില്‍ പറയുന്നു.

തനിക്ക് 20-ഉം 18-ഉം വയസ്സ് പ്രായമുള്ള രണ്ട് പെണ്‍മക്കളുണ്ടെന്നും മകന് 17 വയസ്സും എട്ടുമാസവും മാത്രമേയുള്ളൂവെന്നും പരാതിയില്‍ പറയുന്നു.

രണ്ടുവര്‍ഷം മുമ്ബാണ് യുവതിയുമായി മകന്‍ പരിചയത്തിലായത്. അന്നുമുതല്‍ക്ക് മകന്റെ സ്വഭാവത്തില്‍ കാര്യമായ വ്യത്യാസം വന്നതായും പരാതിയില്‍ പറയുന്നു.

വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് മകന്‍ പറഞ്ഞതോടെയാണ് തങ്ങള്‍ നിസ്സഹായരായതെന്നും പരാതിയിലുണ്ട്.

എന്നാല്‍, കുട്ടിയുടെ പ്രായം സംബന്ധിച്ച്‌ പരാതിയില്‍ പറയുന്നത് തെറ്റാണെന്ന് യുവതിയുടെ അഭിഭാഷകന്‍ ഖലീദ് അസ്മി പറയുന്നു.
മകള്‍ക്ക് 18 വയസ്സുണ്ടെന്ന് പറയുന്ന പരാതിക്കാരി, മകന് 17 വയസ്സും എട്ടുമാസവും പ്രായമുണ്ടെന്നും പറയുന്നു. ഇതൊരിക്കലും സാധ്യമല്ലെന്നിരിക്കെ, യുവതിയെ കുടുക്കാന്‍ മനപ്പൂര്‍വം നല്‍തിയ പരാതിയാണിതെന്നും അദ്ദേഹം പറയുന്നു.

Advertisement