കൊച്ചി: ഇന്ത്യയിലെ വാഹന നിയമങ്ങൾ കർശനമാക്കാൻ നടപടിയുമായി കേന്ദ്രസർക്കാർ. നിയമ ലംഘനങ്ങൾക്ക് പിഴയുൾപ്പെടെ കടുത്ത ശിക്ഷാ നടപടികൾ സ്വീകിര്രാൻ ശുപാർശ ചെയ്യുന്ന മോട്ടോർ വാഹന നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നൽകി. ബിൽ ഉടൻ തന്നെ ലോക്സഭയിൽ അവതരിപ്പിക്കും. 18 സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരുടെ ശുപാർശകൾ അടങ്ങിയതാണ് ബിൽ.
അടിയന്തര ആവശ്യങ്ങൾക്കായി പോകുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്ക് മാർഗ്ഗ തടസ്സം സൃഷ്ടിച്ചാൻ 10,000 രൂപ പിഴയുൾപ്പെടെയാണ് പുതിയ ബിൽ വ്യവസ്ഥ ചെയ്യുന്നത്. നൂറുരൂപ മാത്രം ഈടാക്കി ഒഴിവാക്കാമായിരുന്ന ഹെൽമെറ്റില്ലാതെ വാഹനം ഓടിക്കൽ ഇനി ഗുരുതര നിയമലംഘനത്തിന്റെ പട്ടികയിൽ പെടും. പിഴ 1000 രൂപയാക്കി ഉയർത്തുന്നതിനോടൊപ്പം മൂന്നു മാസം ലൈസൻസ് റദ്ദാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. ഡ്രൈവിങ് ലൈസൻസ് സസ്പെൻഡു ചെയ്യപ്പെട്ട വാഹനമോടിച്ചാൽ 10,000 രൂപ പിഴയുമുണ്ടാകും.
400 രൂപ നിലവിൽ ഈടാക്കിയയിരുന്ന അമിത വേഗത്തിന് ഇനിമുതൽ 1,000 മുതൽ 2,000 രൂപവരെയാണ് ഇനി ഈടാക്കുക. മോട്ടോർ വാഹന നിയമങ്ങൾ ലംഘിക്കുന്ന ആപ് അടിസ്ഥാനമാക്കിയുള്ള ടാക്സികൾക്കും, റെന്റ് എ കാർ സർവ്വീസുകൾക്കും ഒരു ലക്ഷം രൂപ വരെ പിഴടയ്ക്കേണ്ടി വരും. 10,000 രൂപയാണ് മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ കൊടുക്കേണ്ടി വരിക.
ലൈസൻസില്ലാതെ വാഹനമോടിച്ചാൽ 5000 രൂപ പിഴ. അനധികൃത വാഹനമോടിച്ചാലും 5000 രൂപ പിഴയൊടുക്കണം. ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 5000 രൂപയും പിഴ ചുമത്തപ്പെടും. നിലവിൽ 1000 രൂപയാണിത്. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ രക്ഷിതാവിനൊ വാഹന ഉടമയ്ക്കോ 25,000 രൂപ പിഴയും മൂന്നു വർഷം തടവും ലഭിക്കാവുന്ന കുറ്റമാണ്. ഇതിനു പിന്നാലെ വാഹനത്തിന്റെ രജിസേ്ട്രഷൻ റദ്ദാക്കുകയും ചെയ്യും.