മൊഹാലിയില്‍ മഹേന്ദ്ര സിംഗ് ധോണിയില്ലാതെ ഇറങ്ങിയ നാലാം ഏകദിനത്തില്‍ വിക്കറ്റിന് പിന്നില്‍ യുവതാരം റിഷഭ് പന്തായിരുന്നു. ‘ടോട്ടല്‍ പരാജയം’ എന്ന നിലയിലായിരുന്നു പന്തിന്റെ പ്രകടനം.
ഒരു പക്ഷേ നിര്‍ണായകമായേക്കാവുന്ന ഒരു പിടി അവസരങ്ങളാണ് പന്ത് കൈവിട്ട് കളഞ്ഞത്. ബാറ്റിങില്‍ അല്പം പൊരുതിയെങ്കിലും വിക്കറ്റിന് പിന്നില്‍ എടുത്തുപറയാന്‍ തക്ക ഒരു നീക്കവുമുണ്ടായിരുന്നില്ല.
തകര്‍പ്പന്‍ സെഞ്ചുറിയുമായി ഓസീസ് ഇന്നിങ്സിന് നങ്കൂരമിട്ട പീറ്റര്‍ ഹാന്‍ഡ്സ്കോംബ്, കിടിലന്‍ ബാറ്റിങ്ങിലൂടെ ആസ്ട്രേലിയക്ക് വിജയമൊരുക്കിയ ആഷ്ടണ്‍ ടേണര്‍ എന്നിവര്‍ നല്കിയ രണ്ടു സുവര്‍ണാവസരങ്ങളാണ് വിക്കറ്റിനു പിന്നില്‍ പന്ത് പാഴാക്കിയത്.
അതും ബിസിസിഐയുടെ ലിസ്റ്റ് എ കരാറിലേക്കു പന്തിനു പ്രമോഷന് ലഭിച്ചതിന്റെ തൊട്ടടുത്ത മത്സരത്തില്‍. മൊഹാലിയിലെ കാണികളും പന്തിനെ കൂവുന്നുണ്ടായിരുന്നു.
അതേസമയം, മഹേന്ദ്ര സിങ് ധോണിയുമായി പന്തിനെ തുടക്കത്തിലെ താരതമ്യം ചെയ്യുന്നതിനെയും വിമര്‍ശനമുണ്ട്.
അത് താരത്തിന്റെ കരിയറിനെ ബാധിക്കുമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. വെറും ഇരുപത്തൊന്നു വയസ്സ് മാത്രം പ്രായമുള്ള അതും നാല് അന്താരാഷ്ട്ര ഏകദിന മത്സരങ്ങള്‍ മാത്രം കളിച്ച പന്തിനെ എങ്ങനെ ധോണിയുമായി ഉപമിക്കും എന്നാണ് ചോദിക്കുന്നത്.
പന്തിന് ഇനിയും അവസരങ്ങള്‍ നല്‍കണമെന്ന ആവശ്യവും ഉയരുന്നു. അതിനിടെ നാലാം ഏകദിനത്തില്‍ പന്ത് വരുത്തിയ തെറ്റുകളുടെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.