കൊൽക്കത്ത: കശാപ്പുകാരനായ ഭർത്താവ് ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് യുവാവിനെ കൊന്ന ശേഷം വെട്ടിനുറുക്കി വരമ്പിൽ കുഴിച്ചുമൂടി.
പശ്ചിമ ബംഗാളിലെ പർഗനാസ് ജില്ലയിലാണ് സംഭവം. നവംബർ അഞ്ചിനാണ് അബ്ദുൾ ഹസ്സൻ എന്ന യുവാവിനെ കാണാനില്ലെന്ന വിവരം അയൽവാസികൾ പൊലീസിൽ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹസ്സന്റെ മൃതദേഹം സമീപത്തെ വരമ്പിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
ഹസ്സനും മർജിനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് സക്കീർ ഹുസ്സൈൻ വീട്ടിൽ നിരന്തരം വഴക്കിടുമായിരുന്നു. ക്ഷുഭിതനായ സക്കീർ സംഭവ ദിവസം ഹസ്സനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു.
പിന്നീട് ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് ഹസ്സനെ വെട്ടി നുറുക്കുകയും തുടർന്ന് അടുത്തുള്ള വരമ്പിൽ കുഴിച്ചിടുകയുമായിരുന്നു, പൊലീസ് പറഞ്ഞു.അബ്ദുൾ ഹസ്സന്റെ തലയും മറ്റു ശരീരഭാഗങ്ങളും വിവിധ സ്ഥലങ്ങളിൽ നിന്നാണ് കണ്ടെത്തിയത്.
തെളിവുകൾ നശിപ്പിക്കാൻ വേണ്ടിയാണ് ശരീരം വെട്ടിനുറുക്കി കുഴിച്ചുമൂടിയതെന്ന് സക്കീർ പൊലീസിന് മൊഴി നൽകി. സക്കീർ ഹുസ്സൈനെയും ഭാര്യ മർജീന ബീവിയേയും പൊലീസ് അറസ്റ്റ് ചെയ്തു.