സ്നേഹിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാനായി മതം മാറി; ഒടുവില്‍ ഭാര്യ വീട്ടികാര്‍ക്കൊപ്പം പോയി; യുവാവിന് ഒരേസമയം നഷ്ടമായത് മതവും ഭാര്യയും

34

ന്യൂഡല്‍ഹി : സ്‌നേഹിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാനായി ഹിന്ദു മതം സ്വീകരിച്ച മുസ്ലീം യുവാവിന് കിട്ടിയത് എട്ടിന്റെ പണി. പ്രണയ സാഫല്യത്തിനായി സ്വന്തം മതം പോലും ഉപേക്ഷിച്ച യുവാവിന് ഒടുവില്‍ മതവും ഭാര്യയും നഷ്ടപ്പെട്ട അവസ്ഥ. മതം മാറി വിവാഹം ചെയ്ത യുവാവിനെ വേണ്ടെന്നും മാതാപിതാക്കള്‍ക്കൊപ്പം പോകണമെന്നുമുള്ള യുവതിയുടെ ആഗ്രഹത്തിനു സുപ്രീംകോടതി അനുമതി നല്‍കി.

Advertisements

യുവതിയെ തന്നില്‍ നിന്നകറ്റാന്‍ മാതാപിതാക്കളും ഹിന്ദു സംഘടനകളും ശ്രമിക്കുന്നുവെന്നാരോപിച്ച് യുവാവ് നല്‍കിയ ഹേബിയസ് കോര്‍പസ് പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരാണു കേസ് പരിഗണിച്ചത്.

33കാരനായ യുവാവാണ് വിവാഹത്തിനായി ഹിന്ദു മതം സ്വീകരിച്ചത്. ആര്യാന്‍ ആര്യ എന്ന പേരും ഇയാള്‍ സ്വീകരിച്ചു. 23കാരിയായ ഹിന്ദു യുവതിയെ വിവാഹം കഴിക്കാന്‍ വേണ്ടിയായിരുന്നു ഇത്.

ഓഗസ്റ്റ് 17നാണ് ആര്യന്‍ സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പസ് പെറ്റിഷന്‍ നല്‍കുന്നത്. യുവതിയുടെ മാതാപിതാക്കളും ഹിന്ദു സംഘടനകളും ചേര്‍ന്ന് തങ്ങളെ വേര്‍പിരിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ആര്യന്റെ പെറ്റിഷന്‍.

തുടര്‍ന്ന് ഓഗസ്റ്റ് 27ന് യുവതിയെ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. ആര്യാന്‍ രണ്ട് പ്രാവശ്യം വിവാഹമോചിതനാണെന്നും കോടതിയില്‍ വ്യക്തമാക്കി. താന്‍ വിവാഹിതയായെങ്കിലും മാതാപിതാക്കള്‍ക്കൊപ്പം ജീവിച്ചാല്‍ മതിയെന്നായിരുന്നു യുവതി പറഞ്ഞത്. മാത്രമല്ല ഇത് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചിട്ട് പറയുന്നതല്ലെന്നും യുവതി കോടതിയില്‍ പറഞ്ഞു.തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം പോകുകയോ ഹോസ്റ്റലില്‍ താമസിക്കുകയോ വേണമെന്ന് കോടതി അറിയിച്ചതോടെ മാതാപിതാക്കള്‍ക്കൊപ്പം പോകാമെന്ന് യുവതി നിലപാടെടുക്കുകയായിരുന്നു.

വിവാഹത്തിന്റെ സാധുത സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങളിലേക്കു കടക്കുന്നില്ലെന്നു വ്യക്തമാക്കിയ കോടതി യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. വിവാഹത്തിന്റെ സാധുതയില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയാണെന്നും ഹര്‍ജിയില്‍ മാത്രമാണു തീരുമാനമറിയിക്കുന്നതെന്നും സുപ്രീംകോടതി അറിയിച്ചു.

അതേസമയം മാതാപിതാക്കളുടെ സമ്മര്‍ദം മൂലമാണ് യുവതി ഇത്തരത്തില്‍ പ്രതികരിച്ചതെന്നായിരുന്നു യുവാവിന്റെ വാദം. യുവതിക്ക് പ്രായപൂര്‍ത്തിയായതാണ്. സ്വന്തമായി തീരുമാനം എടുക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്നും, ഭര്‍ത്താവിനൊപ്പം പോകേണ്ടെന്നാണ് യുവതി പറയുന്നതെങ്കില്‍ ഇതൊരു മാട്രിമോണിയല്‍ കേസാകുമെന്നും സുപ്രീംകോടതി പറഞ്ഞു. മാതാപിതാക്കള്‍ക്കൊപ്പം പോയാല്‍ മതിയെന്ന യുവതിയുടെ തീരുമാനം കോടതി അംഗീകരിക്കുകയും ചെയ്തു.

Advertisement