ധോണിയെ വിമര്‍ശിച്ചവര്‍ക്ക് വായടപ്പന്‍ മറുപടി നല്‍കി കോഹ്ലി

12

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ധോണിയുടെ ബാറ്റിങ്ങിലുള്ള മെല്ലെപ്പോക്കാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായതെന്ന വിമര്‍ശനങ്ങള്‍ക്കിടെ മഹിക്ക് പിന്തണയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഇന്ന് നടന്ന രണ്ടാം ഏകദിനത്തില്‍ ആതിഥേയരായ ഓസീസിനെ തുരത്തിയ ശേഷം നടന്ന സമ്മാനദാനച്ചടങ്ങിലാണ് ധോണിക്ക് പിന്തുണുയമായി കോഹ്ലി എത്തിയത്.

Advertisements

ഇന്ത്യന്‍ ടീമില്‍ ധോണിയുടെ സ്ഥാനത്തെ കുറിച്ച് ആര്‍ക്കും വേവലാതി വേണ്ട. അദ്ദേഹത്തിന്റെ സ്ഥാനത്തെ കുറിച്ച് ഞങ്ങള്‍ക്കാര്‍ക്കും യാതൊരു സംശയവുമില്ല. ഈ ടീമിന്റെ നിര്‍ണായക ഘടകമാണ് അദ്ദേഹം. ഇന്നത്തെ ധോണിയുടെ ഇന്നിംഗ്‌സ് ക്ലാസിക് ആയിരുന്നു.

ഇപ്പോള്‍ അദ്ദേഹത്തിന്റെ മനസില്‍ എന്താണെന്ന് അദ്ദേഹത്തിന് മാത്രമെ അറിയൂ. കണക്കുകൂട്ടിയുള്ള കളിയാണ് അദ്ദേഹത്തിന്റെ എപ്പോഴത്തെയും സവിശേഷത. വലിയ ഷോട്ടുകള്‍ കളിക്കുന്നതും അതുപോലെ കണക്കുകൂട്ടി തന്നെയാണ്.

അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍. ഒപ്പം ദിനേശ് കാര്‍ത്തിക്കിനും. കാര്‍ത്തിക്കിന്റെ ഇന്നിംഗ്‌സാണ് ധോണിയുടെ സമ്മര്‍ദ്ദം കുറച്ചത്. ക്രീസിലെത്തിയ പാടെ എന്താണ് ചെയ്യേണ്ടതെന്ന് കാര്‍ത്തിക്കിന് കൃത്യമായി അറിയാമായിരുന്നു. ധോണിയാകട്ടെ പതിവു പോലെ ശാന്തനായി നിലയുറപ്പിച്ചു. ഈ രാത്രി ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഏറെ പ്രത്യേകതയുള്ളതാണ്-കോഹ്ലി വ്യക്തമാക്കി.

സിഡ്നിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഓസീസ് ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ 254 റണ്‍സെടുക്കാനേ സാധിച്ചിരുന്നുള്ളൂ. 96 പന്തുകളില്‍ നിന്നായിരുന്നു ധോനി 51 റണ്‍സെടുത്തത്.

ധോണിയുടെ ബാറ്റിങ് രീതിക്കെതിരേ വന്‍ വിമര്‍ശനമാണ് ഇതോടെ ഉയംര്‍ന്നിരുന്നത്. ധോണിയുടെ സ്‌കോറിങ് നിരക്ക് കളിയെ ബാധിച്ചുവെന്നും അത് തോല്‍വിയിലെത്തിച്ചുമെന്നുമായിരുന്നു പൊതുവെയുള്ള വിലയിരുത്തലുകള്‍.

രണ്ടു വര്‍ഷത്തിനിടെ ഏകദിനത്തില്‍ ഒറ്റ സെഞ്ചുറി പോലും നേടാത്ത എം എസ് ധോണി ലോക കപ്പിന് വേണോയെന്ന് ചോദ്യവുമായും ആരാധകര്‍ രംഗത്ത് വന്നിരുന്നു. പ്രശസ്ത ക്രിക്കറ്റ് കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലെ അടക്കമുള്ളവര്‍ ധോണിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.

അതേസമയം ധോണിയുടെ ശൈലിയെ അനുകൂലിച്ചും ആരാധകര്‍ രംഗത്ത് വന്നിട്ടുണ്ട്. ടീം തകര്‍ച്ച നേരിട്ട സമയത്ത് ഡിഫന്‍സ് ശൈലിയില്‍ കളിക്കുന്നതാണ് നല്ലത്. അതാണ് ധോണി ചെയ്തതെന്നും ഇവര്‍ വാദിക്കുന്നു. ധോണി അല്പനേരം കൂടി ക്രീസില്‍ തുടരുന്ന സാഹചര്യമുണ്ടായിരുന്നെങ്കില്‍ താരം കൂറ്റന്‍ സ്‌കോര്‍ നേടുമായിരുന്നുവെന്നും ആരാധകര്‍ പറയുന്നു.

വന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യയ്ക്ക് ആവശ്യമായ റണ്‍റേറ്റ് നിലനിര്‍ത്തുന്നതിന് ധോണി പരാജയപ്പെട്ടതായിട്ടാണ് ആരാധകരില്‍ ഏറിയ പങ്കും സോഷ്യല്‍ മീഡിയയില്‍ വിലയിരുത്തുന്നത്. 96 പന്തില്‍ 51 റണ്‍സാണ് ധോണി നേടിയത്. 53.13 സ്ട്രൈക്ക് റേറ്റിലായിരുന്നു ധോണിയുടെ ബാറ്റിംഗ്.

ടെസ്റ്റ് ശൈലിയിലാണ് ധോണി ബാറ്റ് വീശിയതെന്നും ആരാധകര്‍ വിമര്‍ശിച്ചിരുന്നു. നാല് റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യ കരകയറ്റുന്നതിന് രോഹിത് ശര്‍മ്മയ്ക്കുമായി കൂട്ട്കെട്ട് ഉണ്ടാക്കിയ ധോണി സ്ട്രൈക്ക് കൈമാറുന്നതിലും ബൗണ്ടറി കണ്ടെത്തുന്നതിലും പരാജയപ്പെട്ടതായിട്ടാണ് വിമര്‍ശനം.

അതേസമയം മികച്ച രീതിയില്‍ ബാറ്റ് വീശിയ രോഹിത് 129 പന്തില്‍ നിന്നും 133 റണ്‍സാണ് നേടിയത്. 10 ഫോറും 6 സിക്സും അടക്കം 103.10 സ്ട്രൈക്ക് റേറ്റിലാണ് രോഹിത് ക്രീസില്‍ നിറഞ്ഞാടിയത്. പക്ഷേ രോഹിതിന്റെ മികച്ച ബാറ്റിംഗിനും ഇന്ത്യയക്ക് വിജയം സമ്മാനിക്കുന്നതിന് സാധിച്ചില്ല.

എന്നാല്‍, ഇന്നത്തെ മത്സരത്തോടെ ധോണിയെ എഴുതി തള്ളാറായിട്ടില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. കൃത്യമായ രീതിയില്‍ പക്വതയോടെ ബാറ്റ് വീശിയ ധോണി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി.

Advertisement