ന്യൂഡല്‍ഹി: തുടര്‍ച്ചയായി രണ്ടാം ജയം ഐപിഎല്ലില്‍ സ്വന്തമാക്കിയെങ്കിലും നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന് എംഎസ് ധോണി അത്ര സന്തുഷ്ടനല്ല.
ചെന്നൈയുടെ ഫീല്‍ഡിംഗ് ഏറെ മെച്ചപ്പെടാനുണ്ടെന്ന് നായകന് എംഎസ് ധോണി ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരശേഷം പറഞ്ഞു.
പരിചയസമ്പന്നരായ ബാറ്റ്സ്മാന്മാരാണ് ടീമിന്റെ കരുത്തെന്നും ധോണി പറഞ്ഞു. ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ ചെന്നൈ ആറ് വിക്കറ്റിന് ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്പിച്ചു.
ഡല്‍ഹിയുടെ 147 റണ്‍സ് ചെന്നൈ രണ്ട് പന്ത് ശേഷിക്കേ മറികടന്നു. ഷെയ്ന് വാട്സണ് 44 റണ്‍സും സുരേഷ് റെയ്ന 30 റണ്‍സും കേദാര്‍ ജാദവ് 27 റണ്‍സുമെടുത്തു.
നായകന് എംഎസ് ധോണി 32 റണ്‍സുമായി പുറത്താവാതെ നിന്നു. അമിത് മിശ്ര രണ്ട് വിക്കറ്റ് വീഴ്ത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ആറ് വിക്കറ്റിനാണ് 147 റണ്‍സെടുത്തത്.
47 പന്തില്‍ 51 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ടോപ് സ്കോറര്‍. ഏഴ് ഫോറടങ്ങിയതാണ് ധവാന്റെ ഇന്നിംഗ്സ്.
പൃഥ്വി ഷാ 24 റണ്‍സും ശ്രേയസ് അയ്യര്‍ 18 റണ്‍സും റിഷഭ് പന്ത് 25 റണ്‍സിനും പുറത്തായി. ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ഡ്വെയിന്‍ ബ്രാവോ മൂന്ന് വിക്കറ്റ് നേടി.