ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ടാണ് മുംബൈ ഇന്ത്യന്‍സ് മൈതാനത്തേക്ക് ബാറ്റുമായി ഇറങ്ങുന്നത്.
ക്യാപ്റ്റന്റെ തീരുമാനത്തെ ശരിവയ്ക്കുന്ന പ്രകടനമാണ് സണ്‍റൈസേഴ്‌സ് ബോളര്‍മാര്‍ നടത്തിയത്. അവസാന ഓവറുകളിലെ പൊള്ളാര്‍ഡിന്റെ പോരാട്ടമാണ് മുംബൈയെ പൊരുതാവുന്ന സ്‌കോറിലേക്കെങ്കിലും ഉയര്‍ത്തിയത്.
കൃത്യതയോടെ പന്തെറിഞ്ഞവര്‍ മുംബൈയെ 137 എന്ന താരതമ്യേന ചെറിയ സ്‌കോറില്‍ പിടിച്ചുകെട്ടി. ഹൈദരാബാദിനായി സിദ്ധാര്‍ഥ് കൗള്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ, മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മുംബൈ നിരയില്‍ രോഹിത് ശര്‍മ്മ (11), ഡി ക്വോക്ക് (19), സൂര്യകുമാര്‍ യാദവ് (7), ഇഷാന്‍ കൃഷ്ണന്‍ (17), കുനാല്‍ പാണ്ഡ്യ (6), ഹാര്‍ദിക് പാണ്ഡ്യ (14), ചാഹര്‍ (10) എന്നിങ്ങനെയാണ് മറ്റു ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.
എന്നാല്‍ ഫീല്‍ഡര്‍മാര്‍ നിരാശപ്പെടുത്തി രോഹിത്തിന്റെ ക്യാച്ചും കളിയുടെ അവസാന ഓവറില്‍ ഒരു ഫോറും സിക്‌സും ഫീല്‍ഡിംഗ് പിഴവിലൂടെ മുംബൈക്ക് ലഭിച്ചു. അവസാന ഓവറില്‍ കത്തിക്കയറിയ പൊള്ളാര്‍ഡാണ് മുംബൈയുടെ സ്‌കോര്‍ നൂറു കടത്തിയത് 26 പന്തില്‍ നിന്നും 46 റണ്‍സാണ് പൊള്ളാര്‍ഡ് അടിച്ചുകൂട്ടിയത്.
137 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 96 റണ്‍സ് മാത്രമാണ് നേടാനായത്. 3.4 ഓവര്‍ എറിഞ്ഞ് 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് സണ്‍റൈസേഴ്‌സിന്റെ 6 വിക്കറ്റുകള്‍ വീഴ്ത്തിയ അല്‍സാരി ജോസഫാണ് മുംബൈയുടെ ജയം അനായാസമാക്കിയത്.
അല്‍സാരി തന്നെയാണ് കളിയിലെ താരം. ജയത്തോടെ അഞ്ച് കളികളില്‍ നിന്ന് മൂന്ന് വിജയവുമായി ആറ് പോയിന്റോടെ നാലാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്.