ഐപിഎല്‍: ആദ്യ മത്സരത്തിന് മുന്നെ ടീമുകള്‍ തമ്മില്‍ ‘അടി’ തുടങ്ങി; ബെംഗളൂരുവിന് ചെന്നൈയുടെ വായടപ്പിക്കുന്ന മറുപടി

27

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മത്സര തിയതി പ്രഖ്യാപിച്ചത് മുതല്‍ ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തിലാണ്. കുട്ടിക്രിക്കറ്റിന്റെ പെരുംപൂരത്തില്‍ തങ്ങളുടെ ഇഷ്ട താരങ്ങള്‍ വിവിധ ടീമുകള്‍ക്ക് മാറ്റുരയ്ക്കുമ്പോള്‍ ആവേശം പൊടിപാറുമെന്ന് ആരാധകര്‍ക്ക് ഉറപ്പാണ്.

രാജ്യത്തിനായി ഒരുകുപ്പായത്തില്‍ ഇറങ്ങുന്ന താരങ്ങള്‍ ഐപിഎല്ലില്‍ ശത്രുക്കളാകുന്നു. ഈ വൈര്യമാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. വിവിധ ഫ്രാഞ്ചൈസികള്‍ക്കായി തമ്മിലുള്ള ഉരസലുകള്‍ക്ക് ഏറ്റവും വലിയ വേദിയാകുന്നത് സോഷ്യല്‍ മീഡിയയാണ്.

Advertisements

ഈ ഉരസലിന് തുടക്കം കുറിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും. മാര്‍ച്ച് 23ന് ഉദ്ഘാടന മത്സരത്തില്‍ ഇരു ടീമുകളുമാണ് നേര്‍ക്കുനേര്‍ വരുന്നത്. സൗത്ത് ഇന്ത്യന്‍ ഡെര്‍ബിയാണെങ്കിലും ഞങ്ങള്‍ സാമ്പാര്‍ എന്നാകും പറയുകയെന്ന ബെംഗളൂരു ട്വീറ്റ് ഇട്ടതോടെയാണ് സോഷ്യല്‍ മീഡിയ യുദ്ധത്തിന് ആദ്യ വെടിപൊട്ടിയത്.

ഉടന്‍ തന്നെ മറുപടിയുമായി ചെന്നൈ എത്തി. സാമ്പാറിന് എപ്പോഴും മഞ്ഞയാണ് നിറമെന്നായിരുന്നു ചെന്നൈയുടെ ട്വീറ്റ്. ഐപിഎല്ലില്‍ ഇതുവരെ ഒരു കിരീടം പോലും സ്വ്ന്തമാക്കിയിട്ടില്ലാത്ത ബെംഗളൂരുവിനെ മൂന്ന് തവണ കിരീടത്തില്‍ മുത്തമിട്ട ചെന്നൈ വെള്ളം കുടിപ്പിക്കുന്ന മറുപടിയാണ് നല്‍കിയത്.

മാര്‍ച്ച് 23നാണ് നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് റോയല്‍ ചലഞ്ചേഴ്സിനെ നേരിടുന്നത്. ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. ലോക സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ചാണ് ആദ്യ ഷെഡ്യൂള്‍ മാത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിശദമായ കാര്യങ്ങള്‍ ബിസിസിഐക്ക് ഇതുവരെ ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സങ്കീര്‍ണതകളുണ്ടായാല്‍ ആദ്യ ഘട്ടത്തിലെ മത്സരങ്ങളും മാറ്റിവെക്കും. മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ അഞ്ച് വരെയുള്ള ദിവസങ്ങളിലെ 17 മത്സരങ്ങളുടെ സമയക്രമമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

എട്ട് വേദികളിലായി 17 മത്സരങ്ങളാണ് ആദ്യ ഘട്ടത്തില്‍ നടക്കുക. ഡല്‍ഹിക്കും ബാംഗ്ലൂരുവിനും അഞ്ച് മത്സരങ്ങള്‍ വീതവും ബാക്കിയുള്ള ടീമുകള്‍ക്ക് നാല് വീതം മത്സരങ്ങളുമാണ് ഈ സമയത്തുണ്ടാകുക. എല്ലാ ടീമുകളും കുറഞ്ഞത് രണ്ട് വീതം ഹോം എവേ മത്സരങ്ങള്‍ കളിക്കും. ഡല്‍ഹിക്ക് മൂന്ന് ഹോം മാച്ചും ബംഗ്ലൂരിന് മൂന്ന് എവേ മത്സരവുമുണ്ടാകും.

Advertisement