തുടര്‍ച്ചയായ ആറാം തോല്‍വി, നാണംകെട്ട് കോഹ്ലിപ്പട: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിജയം നാലു വിക്കറ്റിന്

16

ബെംഗളുരു: തുടര്‍ച്ചയായ ആറാം മത്സരത്തിലും അടിതെറ്റി ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സ്. ഡല്‍ഹി ക്യാപിറ്റല്‍സിനു മുന്നില്‍ അടിയറവ് പറഞ്ഞതോടെ ആറാം മല്‍സരത്തിലെങ്കിലും ആദ്യജയം നേടാമെന്ന കോഹ്ലിപ്പടയുടെ മോഹം കൂപ്പുകുത്തി.

ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ നാലു വിക്കറ്റിനാണ് വിജയം കൊയ്തത്.

Advertisements

ബെംഗളുരു ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം നാലു വിക്കറ്റും ഏഴു പന്ത് ബാക്കിനില്‍ക്കെയാണ് ഡല്‍ഹി മറികടന്നത്.

50 പന്തില്‍ എട്ട് ബൗണ്ടറിയും രണ്ട് സിക്സും സഹിതം അര്‍ധ സെഞ്ചുറിയോടെ 67 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചത്.

പൃഥ്വി ഷാ( 22 പന്തില്‍ 28 റണ്‍സ്), ശിഖര്‍ ധവാന്‍(0), സിഎ ഇന്‍ഗ്രാം(21 പന്തില്‍ 22), ഋഷഭ് പന്ത്( 14 പന്തില്‍ 18), സിഎച്ച് മോറിസ്(0) എന്നിവരാണ് ഡല്‍ഹിയ്ക്ക് നഷ്ടമായ വിക്കറ്റുകള്‍. നാലു റണ്‍സുമായി അക്സര്‍ പട്ടേലും ഒരു റണ്‍സുമായി ആര്‍ തിവാത്തിയയും പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ കോഹ്ലിപ്പട നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷടത്തില്‍ 149 റണ്‍സെടുത്തു.

33 പന്തില്‍ 41 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ടോപ് സ്‌കോറര്‍. മോയിന്‍ അലിയുടെ 18 പന്തില്‍ 32 റണ്‍സും ഭേദപ്പെട്ട സ്‌കോറിന് നിര്‍ണായകമായി. നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത റബാഡയാണ് കോഹ്ലിപ്പടയെ വീഴ്ത്തിയത്.

ബംഗളുരുവിന്റെ സ്‌കോര്‍ പിന്തുടരുന്ന ഡല്‍ഹി അഞ്ച് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയിലാണ്. 14 പന്തില്‍ 20 റണ്‍സുമായി ശ്രേയസ് അയ്യറും 18 പന്തില്‍ 26 റണ്‍സുമായി പൃഥ്വി ഷായുമാണ് ക്രീസില്‍. തുടക്കത്തില്‍ തന്നെ സംപൂജ്യനായി ധവാനെ സൗത്തി മടക്കി.

അഞ്ചു മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റു പോലുമില്ലാതെ ആദ്യ വിജയം തേടിയാണ് ബംഗളുരു റോയല്‍ ചലഞ്ചേഴ്സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇറങ്ങുന്നത്.

ബംഗളുരുവിന്റെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മതത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ശ്രേയസ് അയ്യര്‍ ബംഗളുരു റോയല്‍ ചലഞ്ചേഴ്സിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു.

ഡല്‍ഹിക്കെതിരായ ആദ്യ ഓവറില്‍ തന്നെ മോറിസിനു മുന്നില്‍ പാര്‍ത്ഥീവ് പട്ടേല്‍ വീണു. ഒന്‍പത് പന്തില്‍ ഒരു ബൗണ്ടറി ഉള്‍പ്പെടെ ഒന്‍പതു റണ്‍സുമായി നില്‍ക്കവെ സ്ലിപ്പില്‍ ലമിച്ചാനെയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു.

രണ്ടാം വിക്കറ്റില്‍ എബിഡ കോഹ്ലി സഖ്യം സ്‌കോര്‍ ഉയര്‍ത്തുന്നതിനിടെ റബാഡ വില്ലനായി. റബാഡയുടെ അപ്രതീക്ഷിത സ്ലോ ബോളില്‍ സ്ട്രൈയ്റ്റ് ഡ്രൈവിനു ശ്രമിച്ച എബി ഡിവില്ലിയേഴ്സ് ഇന്‍ഗ്രാമിന്റെ കൈകളില്‍ ക്യാച്ച് നല്‍കി.

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാനെ ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡറുടെ കൈകളില്‍ ഭദ്രമാക്കി എത്തിച്ചു.

16 പന്തില്‍ ഓരോ ബൗണ്ടറിയും സിക്സും സഹിതം 17 റണ്‍സെടുത്ത് നില്‍ക്കവെയാണ് എബിഡി പുറത്തായത്. മാര്‍ക്കസ് സ്റ്റോയ്ന്‍സ്(17 പന്തില്‍ 15 റണ്‍സ്), എഡി നാഥ്( 12 പന്തില്‍ 19), പവന്‍ നേഗി പൂജ്യം, മുഹമ്മദ് സിറാജ്( അഞ്ച് പന്തില്‍ ഒന്ന്), എന്നിവരുടെ വിക്കറ്റുകളാണ് ബംഗളുരുവിന് നഷ്ടമായത്.

ഒരു സീസണിന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തുടര്‍ച്ചയായി തോറ്റതിന്റെ റെക്കോര്‍ഡ് ഇതോടെ ഡല്‍ഹി ഡയര്‍ഡെവിള്‍സിനൊപ്പം ബാംഗളുരുവിന്റെ പേരിലായി. 2013 ലാണ് സീസണിന്റെ ആദ്യ ആറു മത്സരങ്ങളും ഡല്‍ഹി തോറ്റത്.

Advertisement