യാത്രാ സുഖത്തിന്റെയും സുരക്ഷയുടെയും കാര്യത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന വാഹനമാണ് ടൊയോട്ട ഇന്നോവ.
മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും ഇഷ്ടവാഹനമായി ഇന്നോവ മാറാനുള്ള കാരണവും ഇതാണ്.
എന്നാൽ ഇന്നോവയിലെ സുരക്ഷാ സംവിധാനങ്ങൾ അത്ര മെച്ചപ്പെട്ടതല്ലെന്ന് സംശയിക്കേണ്ട ഒരു അപകടമാണ് കഴിഞ്ഞ ദിവസം ഉത്തർ പ്രദേശിലെ ലുധിയാനയിൽ നടന്നത്.
മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മൂന്ന് തവണ കരണം മറിഞ്ഞ വാഹനത്തിന്റെ ഒരൊറ്റ എയർ ബാഗ് പോലും തുറന്നിട്ടില്ലെന്നതാണ് വാഹന പ്രേമികളെ അമ്പബരപ്പിക്കുന്നത്.
കൂട്ടിയിടിയിൽ തകർന്ന വാഹനത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ലുധിയാനയിലെ ഒരു ട്രാഫിക് ഐലൻഡിൽ സിഗ്നൽ തെറ്റിച്ച് വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കൂട്ടിയിടിയിൽ മൂന്ന് വട്ടം കരണം മറിഞ്ഞാണ് ഇന്നോവ നിലംതൊട്ടത്. അപകടത്തിൽ വാഹനത്തിന്റെ ഒരുഭാഗം പൂർണമായും തകർന്നു.
എന്നാൽ അപകടമുണ്ടായപ്പോൾ വാഹനത്തിലെ ഏഴ് എയർ ബാഗുകളിൽ ഒരെണ്ണം പോലും തുറന്നില്ലെന്നതാണ് അതിശയം. ഉടമ ഉൾപ്പെടെ മൂന്ന് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
തലനാരിഴയ്ക്കാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. അപകട സമയത്ത് സെൻസറുകൾ മുഖേനയാണ് എയർ ബാഗുകൾ തുറക്കുന്നത്.
എന്നാൽ ഇത്ര വലിയ അപകടമുണ്ടായിട്ടും ഒരെണ്ണം പോലും തുറക്കാത്തതെന്താണെന്നാണ് ഉടമയുടെ ചോദ്യം.
താൻ കൃത്യമായി വാഹനം സർവീസ് ചെയ്യാറുണ്ട്. എയർ ബാഗുകൾക്ക് ഇതുവരെ കുഴപ്പമൊന്നും കണ്ടെത്തിയിട്ടില്ല.
യാത്രികരെല്ലാം സീറ്റ് ബെൽറ്റ് ധരിച്ചിരുന്നുവെന്നും അവകാശപ്പെടുന്ന ഉടമ വാഹന കമ്ബനിക്കെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.