ഇന്ത്യയില്‍ മിഡില്‍ വെയ്റ്റ് സ്പോര്‍ട്സ് ബൈക്ക് ആയ സിബിആര്‍650ആറിനുളള ബുക്കിംഗ് ആരംഭിച്ച് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍റ് സ്കൂട്ടര്‍ ഇന്ത്യ.
എട്ടുലക്ഷം രൂപയ്ക്ക് താഴെയാവും വണ്ടിയുടെ വില എന്നാണ് സൂചന. 15,000 രൂപയാവും ബുക്കിങ് തുക.
2018ല്‍ നടന്ന മിലന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയില്‍ വച്ചാണ് ഹോണ്ടാ സിബിആര്‍650എഫിന്റെ പകരക്കാരനായി സിബിആര്‍650ആര്‍ അനാവരണം ചെയ്തത്.
ബൈക്കിന് കൂടുതല്‍ കരുത്തേകുന്നത് 649 സിസി ഇന്‍ലൈന്‍ ലിക്വിഡ് കൂള്‍ഡ് നാല് സിലിണ്ടര്‍ എന്‍ജിനാണ്.
ഈ എന്‍ജിന്‍ 12,000 ആര്‍പിഎമ്മില്‍ 95 ബിഎച്ച്പിയോളം കരുത്തും, 8500 ആര്‍പിഎമ്മില്‍ 64 എന്‍എം ടോര്‍ക്കുമാവും സ്രഷ്ടിക്കുക.
സ്ലിപ്പര്‍ ക്ലച്ചും, ഹോണ്ടയുടെ ട്രാക്ഷന്‍ കണ്‍ട്രോളായ സെലക്‍ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ സിസ്റ്റവുമായാണ് ബൈക്കിന്റെ വരവ്.
290 കിലോഗ്രാമാണ് സിബിആര്‍650ആറിന്റെ ഭാരം. മികച്ച സുരക്ഷയ്ക്കായി ഇരട്ട ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം ബൈക്കിന്റെ മറ്റൊരു സവിശേഷതയാണ്.
ബൈക്കിന്റെ സ്പോര്‍ട്ടിനെസ്സിന്റെ സൂചകമായാണ് പേരില്‍ ‘ആര്‍’ ഇടം പിടിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ ആദ്യവാരം മുതല്‍ ബൈക്ക് വിപണിയിലെത്തിത്തുടങ്ങും.