ഗുവാഹത്തി: അസമിലെ തിൻസുകിയ ജില്ലയിൽ അമ്മയെയും മകനെയും ജനക്കൂട്ടം തല്ലിക്കൊന്നു.
പൊലീസിന്റെ മുന്നിൽ വെച്ച് തന്നെയാണ് രോഷാകുലരായ ജനക്കൂട്ടം ജമുന താന്തി, മകൻ അജയ് താന്തി എന്നിവരെ അടിച്ചുകൊന്നത്.
ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. പൊലീസ് തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും നാട്ടുകാർ ഇരുവരെയും വെറുതെവിടുന്നില്ല.
വടിയും കമ്പിയും ഉപയോഗിച്ചാണ് മർദ്ദിച്ചത്. അമ്മയും മകനും നിലത്ത് വീണിട്ടും മർദ്ദനം തുടർന്നു.
കുട്ടികളുംഅമ്മയെയും മകനെയും അടിക്കുന്നത് വീഡിയോയിൽ കാണാം. മരുമകളെയും രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയും കൊന്നുവെന്ന് ആരോപിച്ചാണ് ഇരുവരെയും നാട്ടുകാർ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.
രണ്ടു വർഷം മുമ്പാണ് അജയുടെയും രാധയുടെയും വിവാഹം കഴിഞ്ഞത്. പതിവായി തർക്കമുണ്ടായിരുന്നു.അജയുടെ ഭാര്യ രാധയെ ജൂൺ 5 ന് കാണാതായി.
ഇതിനെ തുടർന്ന് രാധയുടെ കുടുംബം പൊലീസ് പരാതി നൽകി. എന്നാൽ വെള്ളിയാഴ്ച രാധയുടെ മൃതദേഹം വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു.
രാധയ്ക്കൊപ്പം കാണാതായ രണ്ടുമാസം പ്രായമുള്ള മകളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
സംഭവം പുറത്തായതോടെയാണ് നാട്ടുകാർ സംഘടിച്ചെത്തി അജയെയും അമ്മയെയും മർദ്ദിച്ചത്. സംഭവ സ്ഥലത്ത് തന്നെ അമ്മ ജമുന മരിച്ചു.
ഗുരുതര പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അജയ് ശനിയാഴ്ച്ച രാവിലെയാണ് മരിച്ചത്.