ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വനിതാ ഫാഷന്‍ ഡിസൈനറെയും വേലക്കാരനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സൗത്ത് ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ ആണ് വനിതാ ഫാഷന്‍ ഡിസൈനറെയും വേലക്കാരനെയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഫാഷന്‍ ഡിസൈനറായ മാല ലഖാനി (53)നെയും വേലക്കാരന്‍ ബഹാദൂറി(50)നെയും ഇന്ന് പുലര്‍ച്ചെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ മാലക്കൊപ്പം ജോലി ചെയ്തിരുന്നവരാണ്. കൃത്യസമയത്ത് ശമ്പളം കൊടുക്കാതെ വന്നതോടെ പ്രകോപിതരായ ജോലിക്കാരാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം.
മാലയുടെ മൃതദേഹം കിടപ്പുമുറിയിലും ബഹാദൂറിന്റെ മൃതദേഹം അടുക്കളയിലുമാണ് കിടന്നിരുന്നത്. മാലയുടെ ദേഹത്ത് ഏഴോളം മുറിപ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ട് മൃതദേഹങ്ങളും പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു.