അന്ന് സ്റ്റംപ് ചെയ്ത് അച്ഛനെ പുറത്താക്കി, 20 വർഷം കഴിഞ്ഞ് മകനെ ക്യാച്ചിലൂടെയും; ധോണി മരണ മാസാണ്

15

ഇന്നലെ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് വിജയം സമ്മാനിച്ചത് റിയാൻ പരാഗ് എന്ന 17കാരന്റെ ബാറ്റിംഗായിരുന്നു.

32 പന്തിൽ 47 റൺസെടുത്ത പരാഗ് ആണ് ഒരുഘട്ടത്തിൽ അസാധ്യമെന്ന് കരുതിയ ലക്ഷ്യത്തിലേക്ക് രാജസ്ഥാനെ എത്തിച്ചത്.

Advertisements

ആസമിൽ നിന്നുള്ള 17കാരൻ പയ്യൻ ഐപിഎല്ലിൽ രാജസ്ഥാനുവേണ്ടി വിസ്മയം തീർക്കുമ്പോൾ സന്തോഷിക്കുന്നത് മറ്റൊരു ക്രിക്കറ്റ് താരം കൂടിയുണ്ട് വീട്ടിൽ. റിയാൻ പരാഗിന്റെ അച്ഛൻ പരാഗ് ദാസ്.

രഞ്ജി ട്രോഫിയിൽ ആസമിനുവേണ്ടി കളിച്ചിട്ടുള്ള പരാഗ് ദാസ് ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് നായകനായ എംഎസ് ധോണിക്കെതിരെയും കളിച്ചിട്ടുണ്ട്.

രഞ്ജിയിൽ ധോണിയുടെ അരങ്ങേറ്റ സീസണിലായിരുന്നു അത്. രഞ്ജി ട്രോഫിക്ക് അപ്പുറം കരിയർ പോയില്ലെങ്കിലും മകൻ റിയാൻ പരാഗിന്റെ കരിയർ അതുക്കും മേലെയാകുമെന്ന് ഐപിഎല്ലിലെ പ്രകടനങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഇന്ന് പരാഗ് ദാസിന്റെ മകൻ റിയാൻ പരാഗ് അതേ ധോണിക്കെതിരെ പന്തെറിയുകയും ബാറ്റ് ചെയ്യുകയും ചെയ്തു എന്നത് കൗതകകരമായ വസ്തുതയായി.

1999 2000 രഞ്ജി സീസണിൽ ബീഹാറിനുവേണ്ടിയാണ് ധോണി രഞ്ജി ട്രോഫിയിൽ അരങ്ങേറിയത്. ആസമും ബീഹാറും തമ്മിൽ നടന്ന രഞ്ജി ട്രോഫിയിലെ കിഴക്കൻ മേഖലാ മത്സരത്തിലാണ് ധോണി ആസമിന്റെ ഓപ്പണറായിരുന്ന പരാഗ് ദാസിനെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയും ചെയ്തു.

20 വർഷത്തിനുശേഷം പരാഗ് ദാസിന്റെ മകനായ റിയാൻ പരാഗ് ഐപിഎല്ലിൽ അരങ്ങേറ്റ മത്സരം കളിച്ചതാകട്ടെ ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെയും.

ഏപ്രിൽ 11ന് നടന്ന ചെന്നൈ രാജസ്ഥാൻ മത്സരത്തിൽ ശർദ്ദുൽ ഠാക്കൂറിന്റെ പന്തിൽ പരാഗിനെ ക്യാച്ചെടുത്ത് പുറത്താക്കിയതാകട്ടെ ധോണിയും.

അങ്ങനെ ക്രിക്കറ്റ് കരിയറിൽ അച്ഛനെയും മകനെയും പുറത്താക്കിയ അപൂർവ ക്രിക്കറ്റ് താരങ്ങളിലൊരാളായി അങ്ങനെ ധോണി.

റിയാൻ പരാഗിന് മൂന്ന് വയസുള്ളപ്പോൾ ഇന്ത്യൻ ടീം ഗുവാഹത്തിയിൽ മത്സരം കളിക്കാനെത്തിയപ്പോൾ ധോണിക്കൊപ്പം നിന്ന് ചിത്രമെടുത്തിട്ടുണ്ട് റിയാൻ പരാഗ്.

രാജസ്ഥാനെതിരായ മത്സരശേഷം ധോണിയും റിയാനും ചേർന്ന് നിൽക്കുന്ന ചിത്രം ഇതോടൊപ്പം ചേർത്തുവെച്ച് ആരാധകർ ആഘോഷമാക്കുകയും ചെയ്തു

Advertisement