അടുത്തിടെ വ്യാപകമായ തെന്നിന്ത്യന്‍ മീടു ആരോപണങ്ങള്‍ക്ക് തുടക്കം കുറിച്ച സംഭവങ്ങളില്‍ ഒന്നായിരുന്നു ഗായിക ചിന്‍മയി ശ്രീപാദ, കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ പരാതി നല്‍കിയത്.
ഇപ്പോള്‍ അതേ സംഭവത്തില്‍ പുതിയ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിന്‍മയി. വൈരമുത്തുവിനെ ഇനി നേരിട്ട് കണ്ടാല്‍ കരണത്ത് അടിക്കുമെന്നാണ് ചിന്‍മയി പറഞ്ഞത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോശമായി പെരുമാറിയ യുവാവിന്റെ മുഖത്ത് നടി ഖുശ്ബു അടിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ചിന്‍മയി.
സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ക്കെതിരേ പ്രതികരിക്കുന്ന ഖുശ്ബുവിനെയും ചിന്‍മയിയെയും അഭിനന്ദിച്ച് കൊണ്ട് ഒരാള്‍ ട്വീറ്റ് ചെയ്തിരുന്നു.
അതിന് മറുപടിയായാണ് അവസരം ലഭിച്ചാല്‍ വൈരമുത്തുവിനെ അടിക്കുമെന്ന് ചിന്‍മയി പറഞ്ഞത്. നേരിട്ട് വൈരമുത്തുവിനെ കാണാന്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും കരണത്തടിക്കുമെന്നും ആ ഒരു നീതി മാത്രമേ തനിക്ക് ലഭിക്കുകയുള്ളൂ എന്നും ചിന്‍മയി മറുപടി നല്‍കി.
ഇപ്പോള്‍ തനിക്കതിനുള്ള പ്രായവും കരുത്തും ആയെന്നും ചിന്‍മയി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒക്ടോബറിലാണ് വൈരമുത്തുവിനെതിരെ ലൈംഗികാരോപണങ്ങളുമായി ചിന്മയി രംഗത്തെത്തിയത്.
സ്വിറ്റ്സര്‍ലന്റിലെ ഒരു പരിപാടിക്കിടെ വൈരമുത്തുവിനെ ഒരു ഹോട്ടലില്‍ ചെന്ന് കാണണമെന്ന ആവശ്യവുമായി സംഘാടകരിലൊരാള്‍ സമീപിച്ചുവെന്നാണ് ഗായിക ആരോപിച്ചത്.
താനും അമ്മയും ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങുകയാണെന്നു പറഞ്ഞ് ചിന്മയി അത് നിരസിച്ചു.
എങ്കില്‍ എല്ലാം അവസാനിച്ചുവെന്ന് കരുതാനായിരുന്നു തനിക്ക് ലഭിച്ച മറുപടിയെന്നും ചിന്മയി വെളിപ്പെടുത്തിയിരുന്നു.
ഈ സംഭവത്തിനു മുന്‍പും വൈരമുത്തു തന്നെ ജോലി സ്ഥലത്തു വച്ച് അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഗായിക ആരോപിച്ചിരുന്നു.
വൈരമുത്തുവിനെതിരേ ദേശീയ വനിതാ കൗണ്‍സിലിലടക്കം പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഇതുവരെ അവര്‍ സ്വീകരിച്ചിട്ടില്ലെന്ന് ചിന്‍മയി പറയുന്നു. കേന്ദ്രമന്ത്രി മനേക ഗാന്ധി ഈ വിഷയത്തില്‍ ഇടപ്പെട്ടുവെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല.