ഭോപ്പാല്‍: വധു തല മറയ്ക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വിവാഹ പന്തലിൽ ബന്ധുക്കൾ തമ്മിൽ കൂട്ടത്തല്ല്.
വിവാഹ ചടങ്ങിനിടെ വരന്റേയും വധുവിന്റേയും വീട്ടുകാര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് വിവാഹം റദ്ദാക്കുകയും ചെയ്തു. മധ്യപ്രദേശിലെ രത്ലാമിലാണ് സംഭവം.
സിവില്‍ എഞ്ചിനീയറായ വല്ലഭ് പഞ്ചോളിയുടേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ വര്‍ഷ സൊനാവ എന്നിവരുടെ വിവാഹമാണ് ബന്ധുക്കൽ ഇടപ്പെട്ട് വേണ്ടെന്നുവച്ചത്.
വൈകുന്നേരത്തെ വിവാഹസൽക്കാരത്തിന് ധരിക്കാൻ വർഷ തിരഞ്ഞെടുത്ത വസ്ത്രത്തെ ചൊല്ലി ഉണ്ടായ തർക്കമാണ് വിവാഹം ഒഴിവായതിന്റെ കാരണം. സൽക്കാരത്തിന് ഗൗൺ ആയിരുന്നു വർഷ ധരിച്ചത്. ഈ വസ്ത്രം വരന്റെ വീട്ടുകാർക്ക് ഇഷ്ടമായിരുന്നില്ല.
തുടർന്ന് ഗൗൺ മാറ്റി സാരി ധരിക്കാൻ വല്ലഭിന്റെ വീട്ടുകാർ വർഷയോട് ആവശ്യപ്പെട്ടു. സാരി മാത്രം ധരിച്ചാൽ പോരെന്നും സാരിത്തലപ്പുകൊണ്ട് തല മറയ്ക്കണമെന്നും വരന്റെ വീട്ടുകാർ വർഷയോട് പറഞ്ഞു.
എന്നാല്‍ തനിക്ക് തലമറയ്ക്കാൻ പറ്റില്ലെന്ന് വർഷ വരന്റെ വീട്ടുകാരെ അറിയിച്ചു. ഇതിനെചൊല്ലി ഇരുവീട്ടുകാരും തമ്മില്‍ വിവാഹവേദിയില്‍ വെച്ച് തര്‍ക്കമായി.
തർക്കം മൂത്തതിനെ തുടർന്ന് ഇരുവീട്ടുകാരും പൊലീസിനെ സമീപിച്ചു. പൊലീസിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടന്നെങ്കിലും ഫലമുണ്ടായില്ല. മൂന്ന് മണിക്കൂറോളം നടത്തിയ ചര്‍ച്ചയ്ക്കൊടുവിൽ വിവാഹം വേണ്ടെന്ന തീരുമാനത്തിൽ ഇരുവീട്ടുക്കാരും എത്തിച്ചേരുകയായിരുന്നു.