ഭോപ്പാല്‍: റോഡിലെ നിയമ ലംഘനങ്ങള്‍ നിരന്തരം കാണാറുണ്ട്, പക്ഷേ നാം അതില്‍ കൂടുതല്‍ പ്രതികരിക്കാതെ പോകാറാണ് പതിവ്. എന്നാല്‍ മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശി യുവാവിന്റെ പ്രതികരണം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നു.
റോങ് സൈഡില്‍ വണ്‍വേ തെറ്റിച്ചു വന്ന ജീപ്പിന്റെ മുന്നിലാണ് യുവാവ് തന്നെ ബൈക്കുമായി നിന്നത്. ബൈക്ക് മാറ്റുന്നതിനായി ജീപ്പ് മുന്നിലേക്കെടുത്ത് ഭയപ്പെടുത്താനും ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ അനങ്ങാതെ പാറ പോലെ ഉറച്ചുനില്‍ക്കുകയാണ് ഈ യുവാവ്.
സമീപത്തെ വ്യാപര സമുച്ചയത്തിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. റോഡിലെ മറ്റാരും കാണിക്കാത്ത ധൈര്യമാണ് യുവാവ് കാണിച്ച്. ജീപ്പില്‍ വന്നയാള്‍ യുവാവിനെ കൈയേറ്റം ചെയ്യുന്നതും വിഡിയോയിലുണ്ട്. എന്നാല്‍ മാറാതെ നിന്ന യുവാവിന് മുന്നില്‍ ജീപ്പ് ഡ്രൈവര്‍ തോല്‍ക്കുകയായിരുന്നു. അവസാനം ജീപ്പ് പുറകോട്ട് എടുത്താണ് അയാള്‍ പോയത്.
റോഡിലെ നിയമലംഘനം കണ്ടാല്‍ പൊതു ജനത്തിന് ചെയ്യാവുന്നത്
കേരളത്തിലെ ട്രാഫിക്ക് നിയമ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പരാതിപ്പെടാനായി മോട്ടോര്‍ വാഹന വകുപ്പ് തേര്‍ഡ് ഐ എന്നൊരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നിയമ ലംഘനം ശ്രദ്ധിക്കപ്പെട്ടാല്‍ തൊട്ടടുത്ത ആര്‍ടി ഓഫീസിലോ, പോലീസിലോ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. കൂടാതെ ഫോട്ടോ എടുത്ത് അതാത് സ്ഥലത്തെ ആര്‍ടിഒ അല്ലെങ്കില്‍ ജോയിന്റ് ആര്‍ടിഒ എന്നിവരുടെ വാട്ട്‌സാപ് നമ്പറിലേക്ക് അയച്ചുകൊടുക്കുകയോ ചെയ്യാം.