ലോകത്തെ ഏറ്റവും മികച്ച ഫിനഷര്‍മാരിലൊരാളാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ല. വിരമിക്കാറായി എന്ന് വിമര്‍ശകര്‍ അലമുറയിടുമ്പോള്‍ കൂടുതല്‍ കരുത്തോടെ കരുതലോടെ ബാറ്റ് വീശുന്ന ധോണി ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്.
ഓസ്‌ട്രേലിയയ്‌ക്കെതിരെ തുടര്‍ച്ചയായ നാലാം അര്‍ധസെഞ്ചുറിയും തികച്ച് ഇന്ത്യയെ ഹൈദരാബാദ് ഏകദിനത്തില്‍ വിജയത്തിലെത്തിക്കുന്നതില്‍ ധോണി പ്രധാന പങ്കുവഹിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രംഗത്തെത്തിയിരിക്കുന്നത്.
ഏത് സമ്മര്‍ദ്ദ സാഹചര്യത്തിലും ടീമിനെ വിജയത്തിലെത്തിയ്ക്കാനുള്ള കഴിവ് ധോണിയ്ക്കുണ്ടെന്നാണ് ഓസ്‌ട്രേലിയന്‍ താരം ഉസ്മാന്‍ ഖ്വാജ പറയുന്നത്. മിക്കപ്പോഴും റണ്‍ ചേസ് ധോണി നന്നായി പൂര്‍ത്തിയാക്കുകയാണ് ചെയ്യാറെന്നും ഖ്വാജ പറഞ്ഞു.
‘നന്നായി അവസാനിപ്പിക്കുകയാണ് ധോണി ചെയ്യാറ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ക്രീസില്‍ നിലയുറപ്പിക്കാനാണ് ആദ്യം ശ്രമിച്ചത്. പിന്നീട് ബൗണ്ടറികള്‍ കണ്ടെത്തി. ഗിയര്‍ മാറുന്നത് പോലെയാണ് അദ്ദേഹത്തിന്റെ ബാറ്റിങ്. ആദ്യം സിംഗിള്‍, പിന്നെ ഡബിള്‍ പിന്നീട് ബൗണ്ടറി. പരിചയസമ്പത്താണ് അതിന് പിന്നിലുള്ളത്,’ ഖ്വാജ പറഞ്ഞു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ധോണി ക്രീസിലെത്തുന്നത്. അതിവേഗം അമ്പാട്ടി റയിഡുവും മടങ്ങിയപ്പോഴും ധോണി ക്രീസില്‍ നിന്നു. കേദാര്‍ ജാദവിനൊപ്പം ചേര്‍ന്ന് സൃഷ്ടിച്ച 141 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം സമ്മാനിച്ചത്.
ഓസ്‌ട്രേലിയ ഉയര്‍ത്തിയ 237 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി പത്ത് പന്ത് ബാക്കി നില്‍ക്കെ മറികടന്നു. അര്‍ധ സെഞ്ചുറി നേടിയ കേദാര്‍ ജാദവിന്റെയും മഹേന്ദ്ര സിങ് ധോണിയുടെയും ബാറ്റിങ് മികവിലാണ് ഇന്ത്യ വിജയതീരം തൊട്ടത്. 87 പന്തില്‍ നിന്ന് 81 റണ്‍സാണ് കേദാര്‍ ജാദവിന്റെ സമ്പാദ്യം. ധോണി 72 പന്തില്‍ നിന്നും 59 റണ്‍സും സ്വന്തമാക്കി.