മുംബൈ: മുംബൈയിലെ ജുഹുവില്‍ ടാക്സിക്കകത്ത് വെച്ച് തന്നെ പീഡിപ്പിച്ചതായി 37കാരിയായ ഇറ്റാലിയന്‍ യുവതി പോലീസിന് പരാതി നല്കി. ടൂര്‍ ഗൈഡ് എന്ന് അവകാശപ്പെട്ട യുവാവാണ് മുംബൈയില്‍ സൈറ്റ് സീയിംഗ് നടത്തുകയായിരുന്ന തന്നെ പീഡിപ്പിച്ചതെന്ന് യുവതി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ജൂണ്‍ 14ന് ബസ് യാത്രക്കിടയിലാണ് ടൂര്‍ ഗൈഡ് എന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവിന്റെ സേവനം താന്‍ സ്വീകരിച്ചതെന്ന് യുവതി നല്കിയ പരാതിയില്‍ പറയുന്നു.
അന്നേദിവസം ഏഴുമണിക്ക് ബസ് ടൂര്‍ അവസാനിച്ചപ്പോള്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചന്റെ ബംഗ്ലാവ് കാണിച്ചുതരാമെന്ന് പറഞ്ഞ് യുവതിയെ കൊണ്ടുപോകുകയും യുവതി താമസിക്കുകയായിരുന്ന കൊളാബ ഹോട്ടലില്‍ ഇറക്കിവിടാമെന്ന് യുവാവ് ഉറപ്പുനല്‍കിയിരുന്നതായും പരാതിയില്‍ പറയുന്നു. കാറില്‍ ഇരുവരും യാത്ര തുടരുകയും ഇടയ്ക്ക് മദ്യം വാങ്ങാന്‍ വാഹനം നിര്‍ത്തുകയും ചെയ്തുവെന്നും പിന്നീട് ബലം പ്രയോഗിച്ച് തനിക്ക് മദ്യം നല്‍കുകയും തുടര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊളാബ പോലീസ് സ്റ്റേഷനില്‍ സീറോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് സംഭവം നടന്ന ജുഹൂ പോലീസ് സ്റ്റേഷനിലേക്ക് കേസ് മാറ്റുകയും ചെയ്തു. കഴിഞ്ഞ ഡിസംബറിലാണ് യുവതി ഇന്ത്യയിലെത്തിയത്. ജൂണ്‍ 11നാണ് യുവതി മുംബൈ സന്ദര്‍ശിക്കാനെത്തിയത്.