ബംഗളുരു: തന്നെ കയറിപ്പിടിച്ചയാളുടെ കരണത്തടിച്ച് കോണ്‍ഗ്രസ് നേതാവും, നടിയുമായ ഖുശ്ബു. ബംഗലൂരുവിലെ ഇന്ദിരനഗറിലെ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യസ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തുന്നതിനിടെയാണ് സംഭവം അരങ്ങേറിയത്.
പ്രചരണ സ്ഥലത്ത് നിന്ന് കാറില്‍ കയറി മടങ്ങാനൊരുങ്ങുന്ന ഖുശ്ബുവിനെ ഒരാള്‍ പിന്നില്‍ നിന്ന് കയറിപ്പിടിക്കുന്നതും ഖുശ്ബു തിരിഞ്ഞുവന്ന് അയാളെ അടിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ശാന്തിനഗര്‍ എംഎല്‍എ എന്‍എ ഹാരിസ്, ബംഗളുരു സെന്‍ട്രലിലെ സ്ഥാനാര്‍ത്ഥി റിസ്വാന്‍ അര്‍ഷദ് എന്നിവര്‍ക്കൊപ്പം നടന്നുവരികെയാണ് ഖുശ്ബുവിനെതിരെ ആക്രമണമുണ്ടായത്.
പിന്നിലൂടെ വന്നയാള്‍ രണ്ട് തവണ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന് ഖുശ്ബു പറഞ്ഞു. ആദ്യം പിടിച്ചുവെങ്കിലും ഖുശ്ബു പ്രതികരിച്ചില്ല. വീണ്ടും പിടിച്ചതോടെയാണ് അവര്‍ അക്രമിയുടെ മുഖത്തടിച്ചത്.
ഈ യുവാവിനെ ഉടന്‍ തന്നെ പോലീസ് ഇടപെട്ട് നീക്കി. അക്രമി ആരാണെന്ന് അറിയില്ലെന്നും സംഭവം ദൗര്‍ഭാഗ്യകരമാണെന്നും സ്ഥാനാര്‍ത്ഥി റിസ്വാന്‍ അര്‍ഷദ് പറഞ്ഞു.
അതേസമയം പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നും യുവാവിനെ താക്കീത് നല്‍കി വിട്ടയച്ചുവെന്നും ഇന്ദിരാ നഗര്‍ പോലീസ് അറിയിച്ചു.