പ്രതിഷേധങ്ങൾ ഫലം കണ്ടു, സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ; സ്വന്തം നാട്ടിൽ കളിക്കാൻ അവസരമൊരുങ്ങുന്നു

34

ഏറെ വിവാദങ്ങൾക്കു ശേഷം പ്രതിഷേധങ്ങൾ ഫലം കണ്ടു. മലയാളിതാരം സഞ്ജു വി. സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ. വെസ്റ്റ് ഇൻഡീസിനെതിരെ ഉടൻ നടക്കാനിരിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

പരിക്കേറ്റ ഓപ്പണർ ശിഖർ ധവാനു പകരമാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ബി.സി.സി.ഐ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയുടെ ട്വന്റി20 ടീമിൽ തിരിച്ചെത്തി. കാൽമുട്ടിന് പരിക്കേറ്റ ശിഖർ ധവാന് പകരമാണ് സഞ്ജുവിനെ ടീമിലേക്ക് പരിഗണിച്ചത്.

Advertisements

സെലക്ഷൻ കമ്മിറ്റി ചെയർമാൻ എംഎസ്‌കെ പ്രസാദ് നാഷണൽ ക്രിക്കറ്റ് അക്കാദമി ഫിസിയോ ആഷിശ് കൗഷിക്കുമായി ധവാന്റെ പരിക്ക് ചർച്ച ചെയ്തിരുന്നു. ഇത് പ്രകാരം താരത്തിന് പൂർണ കായികക്ഷമത വീണ്ടെടുക്കാൻ കഴിയില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു.

ഇതോടെയാണ് സഞ്ജുവിന് വീണ്ടും ടീം ഇന്ത്യയിലേക്ക് വിളിയെത്തിയത്. നേരത്തെ ബംഗ്ലാദേശിനെതിരായ ടി20 ടീമിൽ സഞ്ജു ടീമിലുണ്ടായിരുന്നു. എന്നാൽ ഒരു മത്സരവും കളിച്ചിരുന്നില്ല. പിന്നാലെ വിൻഡീസിനെതിരായ ടീമിനെ തിരഞ്ഞെടുത്തപ്പോൾ സഞ്ജുവിനെ ഒഴിവാക്കിയിരുന്നു.

ഇതോടെ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജുവിനെ അവഗണിക്കുന്നത് മലയാളി ആരാധകർക്കിടയിൽ അമർഷമുണ്ടാക്കി. ഇവർ സോഷ്യൽ മീഡിയയിൽ സെലക്ഷൻ കമ്മിറ്റിക്കെതിരേ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ബിസിസിഐയെ ചോദ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു.

ഡിസംബർ ആറിന് ഹൈദരാബാദിലാണ് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം. ഡിസംബർ എട്ടിനാണ് തിരുവനന്തപുരത്തെ മത്സരം. 11 ന് മുംബൈയിലാണ് അവസാന മത്സരം. ഇതിനു പിന്നാലെ ഡിസംബർ 15 മുതൽ ഏകദിന പരമ്പര തുടങ്ങും.

Advertisement