ഇന്ത്യൻ ക്രിക്കറ്റിനെ തന്റെ വഴിയെ ആക്കി സൗരവ് ഗാംഗുലി: നിർണായക തീരുമാനവുമായി ബിസിസിഐ

13

മുംബൈ: ലോധ കമ്മിറ്റി നിർദേശങ്ങളിൽ ഇളവ് വരുത്താൻ തീരുമാനം. ബിസിസിഐ ഭാരവാഹികളുടെ കാലാവധി പരിമിതപ്പെടുത്തിയ നിർദ്ദേശത്തിൽ ആണ് ഇളവ് വരുത്തുക.

മുംബൈയിൽ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ അധ്യക്ഷതയിൽ ചേർന്ന 88ാം ജനറൽബോഡി യോഗമാണ് നിർണായക തീരുമാനമെടുത്തത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ ഐസിസി ചീഫ് എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ പ്രതിനിധിയായേക്കും എന്നും റിപ്പോർട്ടുണ്ട്.

Advertisements

ഇതനുസരിച്ച് സൗരവ് ഗാംഗുലി അധ്യക്ഷനായ ഭരണസമിതിക്ക് മൂന്ന് വർഷം അധികാരത്തിൽ തുടരാനായേക്കും. ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കും ഭേദഗതിയുടെ പ്രയോജനം കിട്ടും. എന്നാൽ ഭേദഗതിയിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സുപ്രീംകോടതിയാണ്.

അനുമതിക്കായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ 23ന് ബിസിസിഐ വാർഷിക യോഗത്തിലാണ് പ്രസിഡൻറായി സൗരവ് ഗാംഗുലി ചുമതലയേറ്റത്. ബിസിസിഐ തലപ്പത്ത് എത്തും മുൻപ് അഞ്ച് വർഷക്കാലം ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറായിരുന്നു സൗരവ് ഗാംഗുലി.

നിലവിലെ നിയമം പ്രകാരം ഒരാൾക്ക് ആറ് വർഷം മാത്രമേ ഭരണരംഗത്ത് തുടരാനാകൂ. ഈ തടസം നീക്കാനാണ് ബിസിസിഐ ജനറൽബോഡി നിർണായക തീരുമാനമെടുത്തത്.

ബിസിസിഐ തീരുമാനത്തിന് സുപ്രീംകോടതി അംഗീകാരം നൽകിയാൽ അത് ചരിത്ര സംഭവമാകും. ബിസിസിഐ പ്രസിഡൻറ് സ്ഥാനത്ത് ഒൻപത് മാസം മാത്രം കാലാവധിയുള്ള ഗാംഗുലിക്ക് മൂന്ന് വർഷം തുടരാൻ ഇതോടെ സാധിക്കും.

Advertisement