രാജ്യത്തെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് താങ്ങായി ക്രിക്കറ്റ് താരം രോഹിത് ശർമയും. 80 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് ഈ ഇന്ത്യൻ ഓപ്പണർ നൽകി. 45 ലക്ഷം പ്രധാനമന്ത്രിയുടെയും 25 ലക്ഷം മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധിയിൽ നിക്ഷേപിച്ചു.
അഞ്ചുലക്ഷം തെരുവുനായ്ക്കൾക്ക് ഭക്ഷണം എത്തിക്കാനുള്ള പദ്ധതിക്കായും നൽകി. ടെന്നീസ് താരം സാനിയ മിർസ 1.25 കോടി രൂപയുടെ സഹായവുമായി രംഗത്തെത്തി. വിവിധ സംഘടനകളുമായി ചേർന്നാണ് സാനിയ സഹായനിധി രൂപീകരിക്കുന്നത്.
ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷം ആളുകൾക്ക് സഹായമെത്തിക്കുമെന്ന് സാനിയ ട്വിറ്ററിൽ കുറിച്ചു.വനിതാ ഏകദിന ടീം ക്യാപ്റ്റൻ മിതാലി രാജ് 10 ലക്ഷവും സംഭാവന ചെയ്തു. ജാവലിൻ താരമായ നീരജ് ചോപ്ര മൂന്നുലക്ഷം രൂപയും ദുരിതാശ്വാസനിധിയിലേക്ക് നൽകി.
അതേ സമയം മൂന്ന് കോടി രൂപ സംഭാവന ചെയ്ത കോഹ്ലിയുടേയും അനുഷ്‌ക്കയുടേയും പ്രഖ്യാപനത്തിന് പിന്നാലെയാണ് രോഹിത്തും വലിയ തുക സംഭാവന പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിൽ 45 ലക്ഷം പ്രധാനമന്ത്രിയുടെ പിഎം കെയേഴ്‌സ് ഫണ്ടിലേക്കും 25 ലക്ഷം മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അഞ്ച് ലക്ഷം രൂപ വീതം ഫീഡിംഗ് ഇന്ത്യ ഫണ്ടിലേക്കും തെരുവ് നായ്ക്കളുടെ സംരക്ഷണത്തിനായുമാണ് രോഹിത് നൽകിയത്.
നമ്മുടെ രാജ്യത്തെ പിടിച്ചു നിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. എനിക്ക് സാധിക്കുന്നത് ഞാൻ ചെയ്തു. നമ്മുടെ നേതാക്കന്മാർക്ക് പിന്നിൽ നിന്ന് അവരെ പിന്തുണക്കാം, രോഹിത് ട്വിറ്ററിൽ കുറിച്ചു.
സച്ചിൻ ടെണ്ടുൽക്കർ 50 ലക്ഷം രൂപയും സുരേഷ് റെയ്‌ന 52 ലക്ഷം രൂപയും ധനസഹായം നൽകിയിരുന്നു. 51 കോടി രൂപയാണ് ബിസിസിഐ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.