ഇത്തവണത്തെ ലോക കപ്പ് പ്രാഥമിക റൗണ്ടിൽ ശ്രീലങ്കയ്ക്ക് എതിരെ അവസാന മത്സരത്തിനിറങ്ങുന്ന ഇന്ത്യൻ ടീമിൽ ഒരു മാറ്റത്തിന് സാധ്യത തെളിയുന്നു. മുതിർന്ന താരവും ഓൾറൗണ്ടറുമായ രവീന്ദ്ര ജഡേജയെ ടീമിലേക്ക് പരിഗണിച്ചേക്കുമെന്നാണ് ടീം മാനേജുമെന്റ് നൽകുന്ന സൂചന.
ദിനേഷ് കാർത്തിക്കിന് പകരമാകും ജഡേജ ഇന്ത്യൻ ടീമിൽ ഇടം പിടിയ്ക്കുക. ഇതോടെ ഏറെ കാത്തിരിപ്പിനു ശേഷം ഒരു ലോക കപ്പ് മത്സരം കളിക്കാനുളള അവസരമാണ് ജഡേജയ്ക്ക് ഒരുങ്ങുന്നത്. മറ്റ് മാറ്റങ്ങൾക്ക് ടീം ഇന്ത്യയിൽ സാധ്യതയില്ല.
പരിക്കേറ്റ വിജയ് ശങ്കറിന് പകരം ടീമിലെത്തിയ മായങ്ക് അഗർവാൾ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. എന്നാൽ ഇന്ന് കളിക്കാൻ സാധ്യതയില്ല. രോഹിത് ശർമ കെഎൽ രാഹുൽ സഖ്യം ഓപ്പൺ ചെയ്യും.
മധ്യനിരയിൽ വിരാട് കോലി, റിഷഭ് പന്ത് എന്നിവർ കളിക്കും. ധോണിയും ഓൾ റൗണ്ടർമാരായി ഹാർദിക് പാണ്ഡ്യയും, രവീന്ദ്ര ജഡേജയും ടീമിലുണ്ടാവും. ജഡേജ കളിച്ചില്ലെങ്കിൽ കാർത്തിക് ടീമിലെത്തും.
കഴിഞ്ഞ മത്സരം കളിച്ച ജസ്പ്രീത് ഭുംറ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ എന്നിവർ ടീമിൽ സ്ഥാനം നില നിർത്തും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി യൂസ്വേന്ദ്ര ചാഹൽ കളിക്കുമ്പോൾ കുൽദീപ് യാദവ് ഇത്തവണ പുറത്തിരിക്കും.