ഇന്ധനവില കുതിച്ചുയരുമ്പോൾ പരമ്പരാഗത ഇന്ധനങ്ങളൊന്നും വേണ്ടാത്തൊരു ബൈക്കുമായി ഇരുചക്ര വാഹനലോകത്ത് ചരിത്രം സൃഷ്ടിക്കാന്‍ ടിവിഎസ് മോട്ടോഴ്‍സ്.
എഥനോള്‍ ഇന്ധനമാക്കി ഓടുന്ന സൂപ്പര്‍താരത്തെയാണ് ടി.വി.എസ് അവതരിപ്പിച്ചിരിക്കുന്നത്. 2018 ഓട്ടോ എക്സ്പോയില്‍ ടിവിഎസ് അവതരിപ്പിച്ച സ്വപ്‍ന പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്.
അപ്പാച്ചെ RTR 200 Fi E100 എന്നാണ് പുതിയ മോഡലിന് ടി.വി.എസ് നല്‍കിയിരിക്കുന്ന പേര്. പുതിയ മോഡല്‍ നിരത്തിലേക്ക് എത്തുന്നത് വെള്ളയും പച്ചയും കറുപ്പും നിറങ്ങള്‍ കൂടിക്കലര്‍ന്നാണ്. കൂടാതെ പെട്രോള്‍ ടാങ്കില്‍ എഥനോളിന്റെ ചിഹ്നവും പതിപ്പിച്ചിട്ടുണ്ട്.
8500 ആര്‍.പി.എമ്മില്‍ 20.7 ബി.എച്ച്.പി പവറും 7000 ആര്‍.പി.എമ്മില്‍ 18.1 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കുന്ന E100 200 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് മോഡലിന്റെ കരുത്ത്.
മണിക്കൂറില്‍ 129 കിലോമീറ്റര്‍ വേഗതയുള്ള മോഡലിന് 5 സ്പീഡാണ് ഗിയര്‍ബോക്സ്. വെറും 3.95 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ മോഡലിന് സാധിക്കും.
പവര്‍ കൂടുതല്‍ ലഭിക്കുകയും കുറച്ച് മാത്രം പുക പുറത്തു വിടുകയും ചെയ്യുന്ന ട്വിന്‍-സ്‌പ്രേ-ട്വിന്‍-പോര്‍ട്ട് സിസ്റ്റത്തിനൊപ്പം ഇലക്‌ട്രോണിക് ഫ്യുവല്‍ ഇഞ്ചക്ഷനും വാഹനത്തിലുണ്ട്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ എഥനോള്‍ ഇന്ധനമാകുമ്ബോള്‍ കൂടുതല്‍ സാധിക്കുമെന്നാണ് ടി.വി.എസിന്റെ അഭിപ്രായം. ഏകദേശം 1.2 ലക്ഷം രൂപയാണ് മോഡലിന് വില.