ഇത്തവണത്തെ ലോകകപ്പിൽ ന്യൂസിലൻഡിനോട് ഇന്ത്യൻ ടീം പരാജയപ്പെട്ടത് മുതൽ ആരംഭിച്ചതാണ് എംഎസ് ധോണിയുടെ വിരമിക്കലിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ. നിരവധി റിപ്പോർട്ടുകൾ വിരമിക്കലിനെ കുറിച്ച് പറഞ്ഞെങ്കിലും ധോണി ഇക്കാര്യത്തിൽ ഇതു വരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
ധോണി വിരമിച്ച് കഴിഞ്ഞാൽ ബിജെപിയിൽ ചേരുമെന്നും സജീവ പ്രവർത്തനം നടത്തുമെന്നും ഒരു ബിജെപി നേതാവ് പറഞ്ഞതോടെ കുറച്ച് ദിവസം അതിനെ ചുറ്റിപ്പറ്റിയായിരുന്നു ചർച്ച. എന്നാൽ ഇപ്പോൾ മറ്റൊരു ചർച്ചയിലേക്ക് മാറി കഴിഞ്ഞിട്ടുണ്ട്.
ധോണിയുടെ മാനേജർ നടത്തിയ പരാമർശമാണ് ചർച്ച ഉണ്ടാക്കിയത്. വിരമിക്കലിന് ശേഷം സൈനിക വൃത്തിയിലേക്ക് മാറാനും സജീവമായി പങ്കെടുക്കാനുമാണ് ധോണി ആഗ്രഹിക്കുന്നത് എന്ന തരത്തിലായിരുന്നു മാനേജരുടെ പ്രതികരണം. ഇതാണ് പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ടത്.
നിലവിൽ ടെറിറ്റോറിയൽ ആർമി ലെഫ്റ്റ്നന്റ് കേണലാണ് ധോണി. ലോകകപ്പിൽ ധോണി കീപ്പിംഗ് ഗ്ലൗവിൽ സൈനിക ചിഹ്നം ഉപയോഗിച്ചത് വിവാദങ്ങൾക്കിടയാക്കിയിരുന്നു.