ഈ ലോകകപ്പിൽ സെമിയിൽ തോറ്റു പുറത്തായ ഇന്ത്യൻ ടീമിന് പുതിയ പരിശീലകനെ തിരഞ്ഞെടുക്കാനുളള തയ്യാറെടുപ്പിലാണ് ബിസിസിഐ. ഇതിനായി ജൂലൈ 30ന് മുമ്പ് ഇന്ത്യൻ പരിശീലകനാകാൻ ആഗ്രഹിക്കുന്നവർ അപേക്ഷ സമർപ്പിക്കാൻ ബിസിസിഐ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും ഗ്ലാമറസ് ജോബുകളിലൊന്നായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാൻ നിരവധി അപേക്ഷകൾ ഒഴുകിയെത്തുമെന്നാണ് കരുതപ്പെടുന്നത്. അതെസമയം ഇന്ത്യൻ പരിശീലകനായി വിദേശികളെ പരിഗണിയ്ക്കുകയാണെങ്കിൽ ഏറ്റവും സാധ്യത കൽപിക്കപ്പെടുന്നത് സൺ റൈസേഴ്സ് ഹൈദരാബാദിന്റെ പരിശീലകനായിരുന്ന ടോം മൂഡിയെയാണ്.
മുൻ ഓസ്ട്രേലിയൻ താരമായ ടോം മൂഡി 2007 ൽ ശ്രീലങ്കൻ ദേശീയ ടീമിനെ ലോകകപ്പ് ഫൈനലിലേക്ക് എത്തിച്ചാണ് കോച്ചിംഗ് രംഗത്ത് ശ്രദ്ധേയനാകുന്നത്. പിന്നീട് നിരവധി ടീമുകളെ പരിശീലിപ്പിച്ച മൂഡി 2013 മുതൽ 2019 വരെ ഐപിഎൽ ടീമായ സൺ റൈസേഴ്സ് കോച്ചായി സേവനം അനുഷ്ഠിച്ചു.
നാല് തവണ ഹൈദരാബാദിനെ പ്ലേ ഓഫിലെത്തിച്ച മൂഡി 2016 ൽ അവർക്ക് കിരീടവും നേടിക്കൊടുത്തു. 2017 ൽബംഗ്ലാദേശ് പ്രീമിയർ ലീഗ് ടീമായ രംഗ്പൂർ റൈഡേഴ്സിന്റെ പരിശീലകനായ മൂഡി അതേ വർഷം അവരെ ലീഗിൽ ചാമ്പ്യന്മാരുമാക്കിയിരുന്നു.
ബിസിസിഐ അപേക്ഷ ക്ഷണിച്ചത് പിന്നാലെ മൂഡി സൺറൈസസ് ഹൈദരാബാദ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത് ഇന്ത്യൻ കോച്ചാകാൻ ലക്ഷ്യം വെച്ചാണെന്നാണ് റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയിയിൽ ഇതുസംബന്ധിച്ച് നിരവധി ചർച്ചകൾ നടക്കുന്നുണ്ട്.