ഹൈദരാബാദ്: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം രോഗി പുറത്തെത്തിയത് മിടിക്കുന്ന രണ്ട് ഹൃദയങ്ങളുമായി. രോഗിയുടെ ഹൃദയം നീക്കം ചെയ്യാതെ തന്നെ ദാതാവിന്റെ ഹൃദയം തുന്നിച്ചേര്‍ക്കുന്ന പിഗ്ഗി ബാക്ക് ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റ് എന്ന പ്രക്രിയയിലൂടെയാണ് ഇദ്ദേഹം ഇരട്ട ഹൃദയത്തിന് ഉടമയായത്.ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ശനിയാഴ്ചയാണ് അമ്പത്താറുകാരനായ രോഗി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിയത്. ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.
മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച മേകല നവീന്‍ കുമാര്‍ എന്ന പതിനേഴുകാരന്റെ ഹൃദയമാണ് ഇദ്ദേഹത്തിനു വേണ്ടി മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സാധാരണയുള്ളതിനേക്കാള്‍ വലുപ്പമേറിയ ഹൃദയമായിരുന്നു രോഗിയുടേത്.
ദാനം ചെയ്ത നവീന്‍ കുമാറിന്റെത് ആകട്ടെ തീര്‍ത്തും സാധാരണ വലുപ്പമുള്ള ഹൃദയവും. ശസ്ത്രക്രിയക്കിടെ രോഗിയുടെ ലങ് ബ്ലഡ് പ്രഷര്‍കൂടി. ഇതോടെയാണ് രോഗിയുടെ ഹൃദയം നീക്കം ചെയ്യാതെ തന്നെ ദാതാവിന്റെ ഹൃദയം തുന്നിച്ചേര്‍ക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ഗോപാല കൃഷ്ണ ഗോഖലെയാണ് നേതൃത്വം നല്‍കിയത്. നൂറ്റമ്പതോളം പിഗ്ഗി ബാക്ക് ട്രാന്‍സ്പ്ലാന്റുകളാണ് ഇതിനോടകം ലോകത്ത് നടന്നിട്ടുള്ളതെന്ന് ഡോ. ഗോഖലയെ ഉദ്ധരിച്ച് ദ് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
രോഗിയുടെ പെരികാര്‍ഡിയത്തിന്റെ കുറച്ചു ഭാഗം നീക്കം ചെയ്താണ് പുതിയ ഹൃദയത്തിന് ആവശ്യമായ ഇടം കണ്ടെത്തിയത്. ഏഴു മണിക്കൂറോളമാണ് ശസ്ത്രക്രിയ നീണ്ടുനിന്നത്. രോഗിയുടെ ഹൃദയത്തിന്റെയും വലതുഭാഗത്തെ ശ്വാസകോശത്തിന്റെയും ഇടയിലാണ് ദാതാവിന്റെ ഹൃദയം തുന്നിച്ചേര്‍ത്തിരിക്കുന്നത്. രക്തചംക്രമണത്തിന് ഇരുഹൃദയങ്ങളും പരസ്പരം സഹായിക്കും. എന്നാല്‍ ഹൃദയമിടിപ്പിന്റെ വേഗത വ്യത്യസ്തമായിരിക്കുമെന്നും ഡോ. ഗോഖലെ കൂട്ടിച്ചേര്‍ത്തു.