ഇരുപത്തിയേഴാം വയസ്സില്‍ മരണം കവര്‍ന്ന യുവാവിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരട്ടക്കുട്ടികള്‍

46

പൂനെ: ഇരുപത്തേഴാം വയസ്സില്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ച യുവാവിന് ഇരട്ടക്കുട്ടികള്‍ പിറന്നു. മകന്റെ അകാല മരണത്തില്‍ കരഞ്ഞ് തളര്‍ന്നിരിക്കാന്‍ തയ്യാറാകാതിരുന്ന അമ്മയുടെ നിശ്ചയദാര്‍ഢ്യമാണ് മരിച്ചിട്ട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മകന്റെ കുഞ്ഞുങ്ങളെ നെഞ്ചോടുചേര്‍ക്കാനുള്ള അപൂര്‍വ ഭാഗ്യം ലഭിച്ചത്.

പൂനെ സ്വദേശി രാജശ്രീ(48)യ്ക്കാണ് രണ്ട് വര്‍ഷം മുമ്പ് മരിച്ച മകന്‍ പ്രതമേഷിന്റെ കുഞ്ഞുങ്ങളുടെ അമ്മൂമ്മയാകാന്‍ കഴിഞ്ഞത്. രോഗബാധിതനായിരുന്നപ്പള്‍ സൂക്ഷിച്ചുവെച്ച പ്രതമേഷിന്റെ ബീജത്തില്‍ നിന്നാണ് ഇരട്ടകുട്ടികളായ ആണ്‍കുട്ടിയും പെണ്‍കുഞ്ഞും ജനിച്ചത്. ബ്രെയിന്‍ ട്യൂമര്‍ വന്നാണ് പൂനെ സ്വദേശി പ്രതമേഷ് മരിക്കുന്നത്. 2016ലാണ് പ്രതമേഷിന് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. സെപ്റ്റംബറില്‍ അവന്‍ മരിക്കുകയും ചെയ്തു.

Advertisements

അവസാന ഘട്ടത്തിലേക്ക് കടന്നപ്പോഴാണ് പ്രതമേഷിന് ബ്രയിന്‍ ട്യൂമറാണെന്ന കാര്യം കുടുംബം തിരിച്ചറിയുന്നത്. അപ്പോഴേക്കും ഒരു ചികിത്സയ്ക്കും അവനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനാവാത്ത വിധം രോഗം മൂര്‍ഛിച്ചിരുന്നു. മകനെ വിട്ടുപിരിയുന്നതിലുള്ള അമ്മയുടെ ദുഃഖം കണ്ടാണ് ആശുപത്രി അധികൃതര്‍ പ്രതമേഷിന്റെ ബീജം സൂക്ഷിച്ചുവെക്കാമെന്ന നിര്‍ദേശം മുന്നോട്ടു വെക്കുന്നത്. അങ്ങനെയെങ്കിലും തന്റെ മകന്റെ ഓര്‍മകളെ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു രാജശ്രീ.

അങ്ങനെ സൂക്ഷിച്ചുവെച്ച ബീജങ്ങള്‍ക്ക് ഐവിഎഫിലൂടെ പുതുജീവന്‍ നല്‍കാമെന്ന തീരുമാനത്തില്‍ രാജശ്രീ എത്തുന്നത്. താന്‍ തന്നെ ആ ഭ്രൂണത്തെ ഗര്‍ഭത്തില്‍ പേറാമെന്ന തീരുമാനത്തിലായിരുന്നു അവര്‍. എന്നാല്‍ പ്രായം തടസ്സമായി. തുടര്‍ന്നാണ് അകന്ന ബന്ധു ഗര്‍ഭം ധരിക്കാമെന്ന സമ്മതത്തോടെ രാജശ്രീയെ സമീപിക്കുന്നത്. അങ്ങനെ ബന്ധുവായ സ്ത്രീയുടെ കാരുണ്യത്താല്‍ മറ്റൊരു ഗര്‍ഭപാത്രത്തില്‍ പ്രതമേഷിന്റെ ജീവന് തുടര്‍ച്ചയുണ്ടാവുകയായിരുന്നു. ഒന്നല്ല രണ്ട് കുഞ്ഞുങ്ങള്‍.ആണ്‍കുട്ടിക്ക് മകന്റെ പേരിട്ടു. പ്രതമേഷ്. പെണ്‍കുട്ടിക്ക് പ്രീഷയെന്നും. ദൈവത്തിന്റെ സമ്മാനമെന്നാണ് പ്രീഷയുടെ അര്‍ഥം.

2016 ല്‍ ജര്‍മനിയില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കാനൊരുങ്ങുമ്പോഴാണ് പ്രതമേഷിന് കാന്‍സര്‍ രോഗം സ്ഥിരീകരിക്കുന്നത്. കീമോതെറാപ്പിയും റേഡിയേഷനും ആരംഭിക്കുന്നതിന് മുമ്പ് അവന്റെ ബീജങ്ങള്‍ സൂക്ഷിക്കാമെന്ന നിര്‍ദേശം ഡോക്ടര്‍മാരാണ് മുന്നോട്ടുവെക്കുന്നത്. പ്രതമേഷ് അതിന് സമ്മതമറിയിച്ചു. സെപ്റ്റംബറില്‍ അവന്‍ മരിക്കുകയും ചെയ്തു. അമ്മ രാജശ്രീയെയും സഹോദരി ധ്യാന ശ്രീയെയും ആണ് മരണാനന്തരം ബീജമുപയോഗിക്കാന്‍ അവകാശപ്പെടുത്തിയിരിക്കുന്നത്.

മകള്‍ ധ്യാന ശ്രീയെ അവന്റെ മരണ ശേഷം സന്തോഷവതിയായി കണ്ടിട്ടേയില്ലെന്ന് രാജശ്രീ പറയുന്നു. തന്റെ ലോകവും ചുരുങ്ങി. അങ്ങനെയാണ് സൂക്ഷിച്ചുവെച്ച ബീജങ്ങളിലൂടെ അവനെ വീണ്ടെടുക്കാമെന്ന ആ തീരുമാനം ഞങ്ങളെടുക്കുന്നത്’, രാജശ്രീ പറഞ്ഞു. മകന്റെ സൂക്ഷിച്ചുവെച്ച ബീജത്തെ ഐവിഎഫ് ചികിത്സയിലൂടെ വാടക ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയായിരുന്നു. സൂക്ഷിച്ചുവെച്ച മകന്റെ ജീവന്റെ തുടിപ്പിന് വീണ്ടും ജീവന്‍ നല്‍കി സന്തോഷങ്ങളെ വീണ്ടെടുക്കുകയായിരുന്നു.

Advertisement