പല്ലുതേക്കില്ല, കുളിക്കില്ല: ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടി ഭാര്യ

38

സ്ഥിരമായി ഭര്‍ത്താവ് കുളിക്കുകയില്ലെന്നും പല്ലുതേയ്ക്കില്ലെന്നും ഷേവ് ചെയ്യില്ലെന്നും ആരോപിച്ച്‌ യുവതി വിവാഹ മോചനമാവശ്യപ്പെട്ട് വനിതാ കമ്മീഷനെ സമീപിച്ചു. ദുര്‍ഗന്ധം കാരണം ഭര്‍ത്താവിന്‍റെ കൂടെ ജീവിക്കാന്‍ കഴിയില്ലെന്ന് യുവതി കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു .

ഭര്‍ത്താവ് ആചാര്യമര്യാദകള്‍ പാലിക്കാറില്ലെന്നും യുവതി വ്യക്തമാക്കി . ബിഹാറിലെ വൈശാലിയിലാണ് സംഭവം. 20കാരിയായ സോണി ദേവിയാണ് ഭര്‍ത്താവായ മനീഷ് റാമിനെതിരെ(23) പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചത്.

Advertisements

പരാതിയുടെ അടിസ്ഥാനത്തില്‍ വൃത്തിയായി ജീവിക്കാന്‍ വനിതാ കമ്മീഷന്‍ രണ്ട് മാസം ഭര്‍ത്താവിന് സമയം നല്‍കിയിട്ടുണ്ട് . ഈ സമയത്തിനുള്ളില്‍ ഭര്‍ത്താവ് നേരെയായില്ലെങ്കില്‍ വിവാഹ മോചനം അടക്കമുള്ള കാര്യങ്ങളിലേക്ക് യുവതിക്ക് നീങ്ങാമെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു .

നയാഗാവ് ഗ്രാമത്തിലാണ് ഇരുവരും താമസിക്കുന്നത്. 2017ലാണ് ഇരുവരും വിവാഹിതരായത് . പ്ലംബിംഗ് ജോലി ചെയ്യുന്നയാളാണ് മനീഷ്. 10 ദിവസത്തിലൊരിക്കലാണ് ഭര്‍ത്താവ് കുളിക്കുകയും പല്ല് തേക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്നതെന്ന് യുവതി പറഞ്ഞു. സമൂഹത്തില്‍ എങ്ങനെ പെരുമാറണമെന്ന് ഇയാള്‍ക്ക് അറിയില്ല.

പലപ്പോഴും താന്‍ അപമാനിതയായിട്ടുണ്ടെന്നും യുവതി കമ്മീഷനോട് പറഞ്ഞു. രണ്ട് വര്‍ഷമായിട്ടും കുട്ടികളില്ല. ഭാര്യ ഭര്‍തൃ ബന്ധം സ്നേഹത്തോടെയല്ലെന്നും അപമാനം സഹിച്ച്‌ ഇയാളുടെ കൂടെ ജീവിക്കാന്‍ കഴിയില്ലെന്നും യുവതി വ്യക്തമാക്കി.

വിവാഹ സമയത്ത് സ്ത്രീധനമായി നല്‍കിയ സ്വര്‍ണവും പണവും യുവതി തിരികെ ആവശ്യപ്പെട്ടിട്ടുണ്ട് . ഭര്‍തൃമാതാവിന്‍റെ പീഡനമുണ്ടെന്നും യുവതി പരാതിപ്പെട്ടു. അതേസമയം, യുവതിയോടൊത്ത് ജീവിക്കാനാണ് ഭര്‍ത്താവിന് താല്‍പ്പര്യം . യുവതിയുടെ ഇഷ്ടത്തിനനുസരിച്ച്‌ ജീവിക്കാമെന്ന് ഇയാള്‍ കമ്മീഷന് ഉറപ്പ് നല്‍കി.

Advertisement