സിനിമകൾക്ക് എൻഒസി ലഭിക്കാൻ കേന്ദ്ര സർക്കാർ സ്ഥാപനത്തിന് നൽകേണ്ടിവരുന്നത് ലക്ഷങ്ങളുടെ കൈക്കൂലി: പിഎസ് ശ്രീധരൻ പിള്ളയെ വേദിയിലിരുത്തി രഞ്ചിത്തിന്റെ വെളിപ്പെടുത്തൽ

15

നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) സിനിമകൾക്ക് ലഭിക്കാൻ മൃഗ സംരക്ഷണ ബോർഡിന് നിലവിൽ നൽകേണ്ടിവരുന്നത് ലക്ഷങ്ങളുടെ കൈക്കൂലിയെന്ന് സംവിധായകൻ രഞ്ജിത്ത്. കുറച്ചുകാലം മുൻപ് ചെന്നൈയിൽ നിന്നും ഫരീദാബാദിലേക്ക് മാറ്റിയ അനിമൽ വെൽഫെയർ ബോർഡ് ഒരു സിനിമയ്ക്ക് ആവശ്യപ്പെടുന്നത് അഞ്ച് ലക്ഷത്തിലധികം തുകയാണെന്നും രഞ്ജിത്ത്.

ഗുഡ്നൈറ്റ് മോഹൻ എഴുതിയ പുസ്തകത്തിന്റെ കോഴിക്കോട്ടെ പ്രകാശന ചടങ്ങായിരുന്നു വേദി. ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയും വേദിയിൽ ഉണ്ടായിരുന്നു. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ കൂടി ഉള്ള വേദി ആതിനാലാണ് ഇക്കാര്യം താൻ പറയുന്നതെന്ന മുഖവുരയോടെയാണ് രഞ്ജിത്ത് ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

Advertisements

ചിത്രീകരണത്തിന് മൃഗങ്ങളെ ഉപയോഗിക്കുന്ന സിനിമകൾക്കാണ് മൃഗസംരക്ഷണ ബോർഡിന്റെ എൻഒസി വേണ്ടത്. അതില്ലാതെ സെൻസർ ബോർഡ് അത്തരം സിനിമകൾക്ക് പ്രദർശനാനുമതി നൽകില്ല. എന്നാൽ മുൻപ് ചെന്നൈയിലുണ്ടായിരുന്ന അനിമൽ വെൽഫെയർ ബോർഡ് ഓഫീസ് ഫരീദാബാദിലേക്ക് മാറ്റിയതിന് ശേഷമാണ് പരസ്യമായി കൈക്കൂലി ആവശ്യപ്പെടാൻ തുടങ്ങിയതെന്ന് രഞ്ജിത്ത് പറയുന്നു.

‘സിനിമാ ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന മൃഗങ്ങൾക്ക് പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തുന്ന രേഖകൾ സമർപ്പിച്ച് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നേടേണ്ട ഓഫീസ് മുൻപ് മദിരാശിയിലായിരുന്നു. ഇപ്പോൾ ഫരീദാബാദിലാണ്. ഫരീദാബാദിൽ ഇപ്പോൾ നടക്കുന്നത് പിടിച്ചുപറി അല്ലെങ്കിൽ പകൽക്കൊള്ളയാണ്. നിങ്ങൾ എന്തുതരം പേപ്പറുകളുമായി പോയാലും അഞ്ച് ലക്ഷം മുതലാണ് കൈക്കൂലി. അത് വാങ്ങിയിട്ടേ സർട്ടിഫിക്കറ്റ് കൊടുക്കുകയുള്ളൂ.’

മോഹൻലാലിനെ നായകനാക്കി താൻ ഒരുക്കിയ ഡ്രാമയിലെ ഒരു സീക്വൻസ് ഇക്കാരണത്താൽ ഒഴിവാക്കേണ്ടിവന്നുവെന്നും രഞ്ജിത്ത്. ‘ഡ്രാമയിൽ ഒരു ക്രിസ്ത്യൻ മരണയാത്രയുടെ ഭാഗമായി കുതിരകളെ പൂട്ടിയ വണ്ടി കാണിക്കുന്നുണ്ട്. ആ കുതിരകൾക്ക് ആപത്ത് സംഭവിച്ചിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് തിരുവനന്തപുരത്തെ സെൻസർ ബോർഡുകാർ പറഞ്ഞു.

കുതിരകളുടെ ഉടമസ്ഥയായ സ്ത്രീ തന്നെയാണ് സിനിമയിലും കുതിരകളെ ഓടിച്ചത്. അവരെ വിളിച്ച് ഡോക്ടറുടെ സർട്ടിഫിക്കറ്റ് അടക്കം ഹാജരാക്കിയിട്ടും ഫലമുണ്ടായില്ല. ഫരീദാബാദിൽ പോകണമെന്നാണ് പറഞ്ഞത്. ഫരീദാബാദിൽ പോവുക എന്നുവച്ചാൽ അഞ്ച് ലക്ഷം മുതൽ അവർ ആവശ്യപ്പെടുന്ന കൈക്കൂലി കൊടുക്കുക എന്ന് തന്നെയാണ്.

ഫരീദാബാദിൽ ചെന്നപ്പോൾ രണ്ടുമൂന്ന് ദിവസത്തേക്ക് അവിടെ ഓഫീസിൽ സ്റ്റാഫ് ഇല്ലെന്ന് പറഞ്ഞു. ചിത്രത്തിന്റെ റിലീസ് അതിനകം തീരുമാനിക്കപ്പെട്ടിരുന്നു. എനിക്ക് വളരെ വേദനാപൂർവ്വം കുതിരകൾ ഉള്ള ആ രംഗം ഒഴിവാക്കേണ്ടിവന്നു’, രഞ്ജിത്ത് പറയുന്നു.

Advertisement