മലയാളത്തിന്റെ താരചക്രവർത്തി മോഹൻലാലും തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയും ഒന്നിക്കുന്ന ചിത്രം കാപ്പാനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് മുഖ്യ അതിഥികളായെത്തുന്നത് രജനീകാന്തും മാസ്റ്റർ ഡയറക്ടർ ശങ്കറുമാണ്.
പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവും പരിപാടിയിൽ ഇവർക്കൊപ്പമുണ്ട്. കംപ്ലീറ്റ് ആക്ടർ മോഹൻലാലിനും തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യക്കും ഒപ്പം സ്റ്റൈൽ മന്നൻ രജനികാന്തിനെയും ഒരേ വേദിയിൽ കാണാൻ ഉള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഓഗസ്റ്റ് മാസത്തിൽ ആണ് കാപ്പാൻ റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്നത്.
അയൻ, മാട്രാൻ എന്നീ ചിത്രങ്ങൾ സൂര്യയെ നായകനാക്കി ഒരുക്കിയ കെ വി ആനന്ദ് ഒട്ടേറെ സൂപ്പർ ഹിറ്റുകൾ തമിഴിൽ ഒരുക്കിയ സംവിധായകൻ ആണ്. പ്രശസ്ത ക്യാമറാമാനും കൂടിയായ കെ വി ആനന്ദ് മോഹൻലാലിനൊപ്പം മലയാള ചിത്രത്തിൽ അടക്കം ജോലി ചെയ്തിട്ടുണ്ട്.
മോഹൻലാൽ പ്രിയദർശൻ ടീമിന്റെ ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രമായ തേന്മാവിൻ കൊമ്പത്തിനു വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് കെവി ആനന്ദ് ആയിരുന്നു. പ്രധാനമന്ത്രി ചന്ദ്രകാന്ത് വർമ എന്ന കഥാപാത്രത്തെയാണ് കാപ്പാനിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്.
പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എൻഎസ്ജി കമാൻഡോ ആയി സൂര്യയും എത്തുന്നു.ആര്യയാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. ചെന്നൈ, ഡൽഹി, കുളു മണാലി, ലണ്ടൻ, ന്യൂയോർക്ക്, ബ്രസീൽ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരുന്നു.
100 കോടി ചെലവിൽ ലൈക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. സയേഷ സൈഗാളാണ് നായിക. ബോമാൻ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കർ കൃഷ്ണമൂർത്തി എന്നിവരാണ് മറ്റ് താരങ്ങൾ.