കൊച്ചിയിൽ കഴിഞ്ഞ ദിവസമാണ് താരസംഘടനയായ അമ്മയുടെ ജനറൽബോഡി മീറ്റിങ് നടന്നത്. അതിനിടെ അമ്മ പ്രസിഡന്റ് ആയ മോഹൻലാൽ മാധ്യമപ്രവർത്തകനെ ചീത്തവിളിച്ചു എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
വിരൽ ചൂണ്ടി ഗൗരവത്തിൽ നിൽക്കുന്ന മോഹൻലാലിന്റെ വീഡിയോയ്ക്കൊപ്പമായിരുന്നു യൂട്യൂബിലൂടെയും മറ്റും പ്രചരിപ്പിക്കപ്പെട്ടത്.
മാധ്യമപ്രവർത്തകനെ ചീത്തവിളിച്ച് മോഹൻലാൽ എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിച്ചത്. ശബ്ദം മ്യൂട്ട് ചെയ്തുകൊണ്ടുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
എന്നാൽ ഇപ്പോൾ വീഡിയുടെ പിന്നിലെ യഥാർത്ഥ കഥ പുറത്തു വന്നിരിക്കുകയാണ്. മോഹൻലാൽ തനിക്ക് പരിചയമുള്ള ഫോട്ടോഗ്രാഫറോട് തമാശരൂപത്തിൽ സംസാരിച്ചതാണ് വൈറൽ വാർത്തയ്ക്ക് കാരണമായത്.
സിനിമ മാസികയായ നാനയുടെ ഫോട്ടോഗ്രാഫർ മോഹനോടാണ് മോഹൻലാൽ സംസാരിക്കുന്നത്. അമ്മയുടെ 25ാം വാർഷികത്തോട് അനുബന്ധിച്ച് മീറ്റിങ് കഴിഞ്ഞ് മുറിക്കാനായി ഒരു കേക്ക് സംഘാടകർ തയ്യാറാക്കിയിരുന്നു.
കേക്കിൽ ചാരിനിൽക്കരുതെന്ന് മോഹനോട് പറയുന്ന മോഹൻലാലിന്റെ വാക്കുകൾ വളച്ചൊടിച്ചാണ് വീഡിയോ വ്യാപകമായി പ്രചരിച്ചത്.
ഇതിന്റെ യഥാർഥ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മോഹൻലാൽ പറയുന്നത് കേട്ട് മോഹൻ ഉൾപ്പടെയുള്ള മാധ്യമപ്രവർത്തകർ ചിരിക്കുന്നതും മോഹൻ അവിടെനിന്ന് മാറിനിൽക്കുന്നതും വീഡിയോയിൽ കാണാം.
മോഹൻലാൽ മാധ്യമപ്രവർത്തകനെ ചീത്തവിളിച്ചോ? പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ്
Advertisement