തെലുങ്കിലെ സുപ്പർ ഹിറ്റ് ഹൊറർ കോമഡി സീരീസിലെ രാജു ഗാരി ഗാഥി 3 യിൽ നായികയായി താരസുന്ദരി തമന്ന എത്തുമെന്ന് കഴിഞ്ഞ ആഴ്ച്ചയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചത്. ആരാധകർ വലിയ ആവേശത്തോടെയാണ് ഈ വാർത്ത ഏറ്റെടുത്തതും. ഇപ്പോഴിതാ ഷൂട്ടിംഗിനിടെ ചിത്രത്തിന്റെ സെറ്റിൽ നിന്നും ഇറങ്ങിപോയിരിക്കുകയാണ് തമന്ന.
മുൻനിശ്ചയിച്ച പ്രകാരമുള്ള തിരക്കഥയിൽ നടിയുടെ അനുവാദം കൂടാതെ മാറ്റങ്ങൾ വരുത്തിയതാണ് പ്രശ്നത്തിന് തുടക്കമായതെന്ന് തമന്നയോടടുത്ത വൃത്തങ്ങൾ പറയുന്നു. നടി തിരക്കഥ കണ്ട് ചിത്രത്തിൽ അഭിനയിക്കാമെന്നേൽക്കുന്നത് ആറുമാസങ്ങൾക്ക് മുമ്പാണ്. അന്ന് ചിത്രത്തിന്റെ കഥ സ്ത്രീ കേന്ദ്രീകൃതമായിരുന്നു.
എന്നാൽ പിന്നീട് കഥയ്ക്ക് മുഴുവനായി മാറ്റം വരുത്തുകയും എന്നാൽ അതിനെക്കുറിച്ച് നടിയോട് സൂചിപ്പിക്കാതിരിക്കുകയുമാണ് അണിയറപ്രവർത്തകർ ചെയ്തത്. പുതിയ തരത്തിലുള്ള തിരക്കഥയുമായി ചിത്രീകരണത്തോട് സഹകരിച്ച് മുന്നോട്ട് പോകാൻ നടി ആഗ്രഹിക്കുന്നില്ലെന്നും റിപ്പോർട്ടുണ്ട്.
ബോളിവുഡ് ഹിറ്റ് ചിത്രമായ ക്വീനിന്റെ റീമേക്കായ മഹാലക്ഷ്മിയാണ് തമന്നയുടെ അടുത്ത റിലീസ്. വളരെ അധികം പ്രതീക്ഷയോടെ തെലുങ്കിൽ സേ റാ നരസിംഹ റെഡ്ഡിയും തയ്യാറായിക്കൊണ്ടിരിയ്ക്കുകയാണ്.