വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് റെബാ മോണിക്ക ജോൺ. വർഷങ്ങൾക്ക് മുമ്പ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോയായ മിടുക്കിയിലൂടെയാണ് റെബ മോണിക്ക ജോൺ ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്.
എന്നാൽ ഷോയിൽ അന്ന് വിജയിച്ചില്ലെങ്കിലും സിനിമയിലേക്ക് അവസരങ്ങളും മോഡലിങിലേക്ക് കൂടുതൽ അവസരങ്ങളും റെബയെ തേടി എത്തി. മലയാളി ആണെങ്കിലും റെബ ബാംഗ്ലൂരിലാണ് കുടുംബസമേതം താമസിക്കുന്നത്.
ഇപ്പോഴിതാ റെബ വിവാഹിതയായിരിക്കുകയാണ്. ഗിറ്റാറിസ്റ്റും ട്രാവലറുമെല്ലാമായ ജോയ്‌മോൻ ജോസഫാണ് റെബയുടെ കഴുത്തിൽ മിന്ന് ചാർത്തിയത്. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഒരു വർഷം മുമ്ബാണ് ജോയ്‌മോൻ തന്നോട് പ്രണയം പറഞ്ഞതെന്ന് റെബ സോഷ്യൽമീഡിയ വഴി അറിയിച്ചിരുന്നു.
കൂടാതെ ഇടയ്ക്കിടെ ജോയ്‌മോനൊപ്പമുള്ള ഡേറ്റിങ് ചിത്രങ്ങളും റെബ പങ്കുവെക്കാറുണ്ടായിരുന്നു. ബാംഗ്ലൂരിലെ പള്ളിയിൽ വെച്ചാണ് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ഇരുവരുടേയും വിവാഹം നടന്നത്.
വെള്ള നിറത്തിലുള്ള ഫിഷ് കട്ട് ഗൗണിൽ അതീവ സുന്ദരിയായിട്ടാണ് റെബ വിവാഹത്തിനെത്തിയത്. കറുത്ത പാന്റും കോട്ടുമായിരുന്നു ജോയ്‌മോന്റെ വേഷം. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് റെബ മോണിക്ക ജോണിന്റെ ജന്മദിനത്തിൽ ആണ് ജോയ്‌മോൻ ജോസഫ് നടിയ്ക്ക് സർപ്രൈസ് നൽകി പ്രപ്പോസ് ചെയ്തത്. പ്രണയാഭ്യർത്ഥന റെബേക്ക സ്വീകരിയ്ക്കുകയും ചെയ്തു.
പ്രണയം ഒരു വർഷം പൂർത്തിയാക്കും മുമ്പേ വീട്ടുകാരുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും വിവാഹത്തിലൂടെ ഇരുവരും ഒന്നിക്കുകയും ചെയ്തു. വിവാഹത്തിന് ശേഷം ബാംഗ്ലൂർ ലീല പാലസിൽ ആഘോഷമായി റിസപ്ഷനും നടത്തിയിരുന്നു.
കേരളത്തിലെ പ്രമുഖ മ്യൂസിക്ക് ബാൻഡായ തൈക്കുടം ബ്രിഡ്ജിന്റെ മ്യൂസിക്ക് ഷോയും വിവാഹത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.വിവാഹത്തിന് ശേഷം റിസപ്ഷൻ വേദിയിലേക്ക് മോണിക്കയും വരനും എത്തിയത് അലങ്കരിച്ച റിക്ഷാ വണ്ടിയിലായിരുന്നു.
അതേ സമയം താരത്തിന്റെ സിനിമാ അരങ്ങേറ്റം 2016ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗരാജ്യം എന്ന നിവിൻ പോളി ചിത്രത്തിലൂടെ ആയിരുന്നു. യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ജേക്കബിന്റെ സ്വർഗരാജ്യം വിനീത് ശ്രീനിവാസൻ ഒരുക്കിയത്. ചിപ്പി എന്ന നിവിന്റെ കാമുകിയുടെ വേഷമായിരുന്നു റെബ അവതരിപ്പിച്ചത്.
Also Read
നിന്നെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് അർച്ചന കവിയോട് ആരാധകർ: നടി പറഞ്ഞ മറുപടി കേട്ടോ
മിടുക്കി റിയാലിറ്റി ഷോയിൽ പങ്കെടുക്കുമ്പോഴുള്ള റെബയുടെ വീഡിയോകളെല്ലാം വൈറൽ ക്ലിപ്പുകളായി സോഷ്യൽമീഡിയയിൽ ഇപ്പോഴും പ്രചരിക്കാറുണ്ട്. ജേക്കബിന്റെ സ്വർഗരാജ്യം അക്കാലത്ത് ഇറങ്ങിയ സിനിമകളിൽ വിജയം നേടിയ സിനിമയായിരുന്നു.
ജേക്കബിന്റെ സ്വർഗരാജ്യത്തിന് ശേഷം പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന സിനിമയിലാണ് റെബ മോണിക്ക നായികയായത്. നീരജ് മാധവായിരുന്നു ചിത്രത്തിൽ നായകനായത്. ഒരു തുരുത്തിൽ ജീവിക്കുന്ന ആളുകളുടെ കഥ പറഞ്ഞ ചിത്രത്തിൽ ടീന എന്ന കഥാപാത്രത്തെയാണ് റെബ അവതരിപ്പിച്ചത്.
ഈ ചിത്രത്തിന് ശേഷം ജയ് സിനിമ ജറുഗണ്ടിയിലൂടെ തമിഴിലേക്കും റെബ ചേക്കേറി. ശേഷം മിഖായേൽ എന്ന നിവിൻ പോളിയുടെ മലയാള സിനിമയിലും റെബ അഭിനയിച്ചു. പിന്നീടാണ് വിജയിക്കൊപ്പം 2019ൽ ബിഗിൽ എന്ന ചിത്രത്തിൽ ഫുട്‌ബോളറായി റെബ അഭിനയിച്ചത് തമിഴ്‌നാട്ടിൽ താരത്തിന് വലിയ ജനപ്രീതി നേടികൊടുത്തു.
അതോടെ തമിഴകത്ത് നിന്ന് ധാരാളം അവസരങ്ങളും നടിയെ തേടിയെത്തി. ശേഷം ധനുഷ് രാശി നെയ്യാർകളെ തുടങ്ങിയ ചിത്രങ്ങളിലും റെബ അഭിനയിച്ചു. വിഷ്ണു വിശാൽ നായകനാകുന്ന എഫ് ഐ ആർ ആണ് റെബയുടെ ഏറ്റവും പുതിയ ചിത്രം. മനു ആനന്ദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.