വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് നടൻ ആസിഫലി. ശ്യാമപ്രസാദിന്റെ സംവിധാനം ചെയത് ഋതു എന്ന ചിത്രത്തിലൂടെയായിരുന്നു ആസിഫലിയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ജോഷി, സിബി മലയിൽ തുടങ്ങിയ സംവിധായകരുടെയെല്ലാം ചിത്രങ്ങളുടെ ഭാഗമായി ആസിഫലി.
സിബി മലയിലിനൊപ്പം നാലമത്തെ ചിത്രമായ കൊത്തിൽ അഭിനയിക്കുകയാണ് ആസിഫ് ഇപ്പോൾ. അതേ സമയം കരിയറിന്റെ തുടക്കം മുതൽ തന്നെ വലിയ സംവിധായകർക്കൊപ്പം സിനിമകൾ ചെയ്യാൻ ഭാഗ്യം ലഭിച്ച നടനാണ് ആസിഫലി. കരിയറിലുടനീളം ഇത്തരത്തിൽ മാസ്റ്റേഴ്സിനൊപ്പം വർക്ക് ചെയ്യാൻ സാധിച്ചത് വലിയ വഴിത്തിരിവാണെന്ന് പറയുകയാണ് ആസിഫലി ഇപ്പോൾ.
അതിനൊപ്പം തന്നെ എങ്ങനെ ഒരു പടം ഡബ്ബ് ചെയ്യണമെന്ന് തന്നെ പഠിപ്പിച്ചത് മെഗാസ്റ്റാർ മമ്മൂട്ടിയാണെന്നും ആസിഫ് അലി പറയുന്നു. ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ആസിഫലിയുടെ തുറന്നു പറച്ചിൽ. അച്ചടക്കം, ഒരു ആക്ടർ ലൊക്കേഷനിൽ എന്തായിരിക്കണം, അല്ലെങ്കിൽ അയാളുടെ പ്രിപ്പറേഷൻ എന്തായിരിക്കണം എന്ന കാര്യങ്ങളൊക്കെ എന്നെ പഠിപ്പിച്ചത് ശ്യാം സാറാണ്.
ഞാൻ ഇപ്പോഴും ചോദിക്കുകയാണ്, ഒരു പുതിയ ആക്ടേഴ്സ് അയാളുടെ ആദ്യ സിനിമ ചെയ്യുമ്പോൾ ഇവരിൽ എത്ര പേർക്ക് ഫുൾ സ്ക്രിപ്റ്റ് കിട്ടും? എത്ര പേർക്ക് അവർ ചെയ്യാൻ പോകുന്ന സിനിമയെ പറ്റി പറഞ്ഞു കൊടുക്കും? അല്ലെങ്കിൽ അവർ ചെയ്യുന്ന എത്ര സിനിമയുടെ സംവിധായർക്ക് ആ സിനിമയെ പറ്റി നൂറ് ശതമാനം അറിയാമെന്ന് ഇവർ വിശ്വസിക്കുന്നുണ്ട്.
എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഋതുവിലേക്ക് ഓഡിഷൻ കഴിഞ്ഞ് എന്നെ സെലക്ട് ചെയ്ത് ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുൻപ് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. അവിടെ ഞാൻ താമസിക്കുന്ന അപ്പാർട്മെന്റിലേക്ക് ബൈൻഡ് ചെയ്ത ഫുൾ സ്ക്രിപ്റ്റ് കൊണ്ടുവന്നുതന്നിട്ട് ഇത് വായിച്ച് നോക്കാൻ പറഞ്ഞു. ഞാൻ ഇത് വായിച്ച് മൂന്നാമത്തെ ദിവസമാണ് ക്യാരക്ടര് എന്താണെന്ന് പറയുന്നത്.
ഓരോ ക്യാരക്ടേഴ്സിനേയും ഞങ്ങൾക്ക് വിശദീകരിച്ചു തരുന്നു. മുരളി മേനോൻ സാർ ഞങ്ങൾക്ക് വർക്ഷോപ്പ് തരുന്നു. ഇതിന് ശേഷം ലൊക്കേഷനിൽ വന്ന് ഷൂട്ട് തുടങ്ങുന്നു. ഒരു പുതിയ ആക്ടറെ ഇത്രയും എക്സ്പീരിയൻസ് ആയിട്ടുള്ള സംവിധായകൻ അത്രയും കംഫർട്ടിബിൾ ആക്കിയിട്ടാണ് ഷൂട്ട് തുടങ്ങുന്നത്.
ഒരു ടെൻഷനും ഇല്ലാതെയാണ് ഞാൻ എന്റെ ആദ്യ സിനിമ ഷൂട്ട് ചെയ്യുന്നത്. അതിന് ശേഷം എന്റെ ഇതുവരെയുള്ള എല്ലാ സിനിമയ്ക്കും ഞാൻ സ്ക്രിപ്റ്റ് വേണമെന്ന് നിർബന്ധം പിടിക്കാറുണ്ട്. തലേന്ന് സീൻ മാർക്ക് ചെയ്ത് തന്നാലേ എനിക്ക് ലൊക്കേഷനിൽ പിറ്റേ ദിവസം ധൈര്യത്തോടെ പോകാൻ പറ്റുള്ളൂ.
നിർഭാഗ്യവശാൽ പലപ്പോഴും അത് സംഭവിക്കില്ല. പക്ഷേ ഞാൻ വാശിപിടിക്കും. ആ തുടക്കം തന്ന ധൈര്യമാണ് ഇതെല്ലാം. സിബി സാറിന്റെ കാര്യം പറഞ്ഞാൽ ചെറിയ ചെറിയ കറക്ഷൻസ് ചെറിയ ചെറിയ ഡയലോഗ് ഡെലിവറി കൊണ്ടണ്ടാകുന്ന വ്യത്യാസങ്ങൾ ഇതെല്ലാം നമുക്ക് മനസിലാക്കാൻ പറ്റുന്നത് ഇങ്ങനെയുള്ള ലെജന്റ്സിനൊപ്പം വർക് ചെയ്തതു കൊണ്ടാണ്.
എന്റെ ആദ്യസിനിമ ഋതു ഡിസ്ട്രിബ്യൂഷൻ ചെയ്തത് മമ്മൂക്കയുടെ പ്ലേ ഹൗസാണ്. അന്ന് മുതൽ എനിക്ക് മമ്മൂക്കയെ നേരിട്ട് കാണാനും പോയി സംസാരിക്കാനും ഉള്ള ഫ്രീഡം എപ്പോഴും കിട്ടിയിട്ടുണ്ട്. ഞാൻ അപൂർവരാഗം കഴിഞ്ഞിരിക്കുന്ന സമയമാണ്. മമ്മൂക്ക എന്റെ സിനിമ കണ്ടിട്ടുണ്ട്. അങ്ങനെ ഞങ്ങൾ ഒരു ഇവന്റിന് നിൽകുന്ന സമയത്ത് ഞാൻ മമ്മൂക്കയുടെ അടുത്ത് പോയി എന്നെ മനസിലായോ എന്നൊക്കെ ചോദിച്ചു.
അങ്ങനെ വർത്തമാനമൊക്കെ പറഞ്ഞു നിൽക്കുമ്പോൾ എന്നോട് അദ്ദേഹം പറഞ്ഞു, നിന്റെ ഡയലോഗ് ഡെലിവറി ഭയങ്കര സ്പീഡാണ്. ഇങ്ങനെ സംസാരിച്ചാൽ പറയാൻ ഉദ്ദേശിക്കുന്ന കാര്യം ഓഡിയൻസിന് മനസിലാവില്ല എന്ന്. സീനിയേഴ്സ് ആരെങ്കിലുമൊക്കെ ഡബ്ബ് ചെയ്യുമ്പോൾ ഇതൊക്കെ പോയി നിന്ന് പഠിക്കെന്ന് കൂടി മമ്മൂക്ക പറഞ്ഞു.
അങ്ങനെ ഒരിക്കൽ നേരെ ഞാൻ കൊച്ചി പനമ്പിള്ളി നഗറിലേക്ക് വിട്ടു. അവിടെ മമ്മൂക്ക ഡബ്ബ് ചെയ്തു കൊണ്ടിരിക്കുക ആണ്. പുറത്ത് മമ്മൂക്കയുടെ കാർ കണ്ടതോടെ ഞാൻ സ്റ്റുഡിയോയിൽ ചെന്നു. മമ്മൂക്ക ഡബ്ബ് ചെയ്യുകയാണെന്ന് പറഞ്ഞപ്പോൾ ഞാൻ നേരെ സ്റ്റുഡിയോയ്ക്ക് അകത്ത് കയറി. നീ എന്താ ഇവിടെ, നീ ഈ പടത്തിൽ അഭിനയിക്കുന്നുണ്ടോ എന്ന് മമ്മൂക്ക ചോദിച്ചു.
ഇല്ല, ഞാൻ പഠിക്കാൻ വന്നതാണെന്ന് പറഞ്ഞു. എന്ത് പഠിക്കാൻ? മമ്മൂക്ക ചോദിച്ചു. അല്ല ഞാൻ ഡബ്ബിങ് പഠിക്കാനെന്ന് പറഞ്ഞു. ഞാനെന്താ സാറോ അങ്ങോട്ട് ഇരിക്ക് എന്ന് പറഞ്ഞ് എന്നെ സ്റ്റുഡിയോയ്ക്ക് അകത്തേക്ക് ഇരുത്തി.എന്നെ അവിടെ ഇരുത്തി ഒരൊറ്റ സ്വീകൻസ് എത്ര രീതിയിൽ ഡബ്ബ് ചെയ്യാം, അഭിനയിച്ച് കയ്യിൽ നിന്ന് പോയത് ഡബ്ബിങ്ങിൽ എങ്ങനെ രക്ഷിക്കാം ഒരു വോയിസ് മോഡുലേഷൻ കൊണ്ട് എന്തൊക്കെ വ്യത്യാസം ഉണ്ടാകും.
ചില വാക്കുകൾക്ക് കൊടുക്കുന്ന പ്രോമിനൻസ് മാറുമ്പോൾ അർത്ഥം മാറുന്നത് എങ്ങനെ എന്ന് തുടങ്ങി ഇങ്ങനെയൊരു സെക്ഷൻ തന്നെ അദ്ദേഹം എനിക്ക് മൂന്ന് മണിക്കൂർ നേരം എടുത്തു തന്നു. ഞെട്ടിപ്പോയി ഞാൻ. ഞാനൊരു ട്രെയിൻഡ് ആക്ടറല്ല.
പക്ഷേ ഇങ്ങനെയെുള്ള കുറേ സെഷൻസ് നമുക്ക് കിട്ടിയതുകൊണ്ടുള്ള റിസൾട്ട് കൂടിയാണ് കരിയറിൽ ചില മാറ്റങ്ങൾ ഉണ്ടാക്കിയത്. ഇങ്ങനെയുള്ള ആളുകളുടെകൂടെ വർക്ക് ചെയ്യാൻ പറ്റിയത് തന്നെയാണ് എന്നെ സംബന്ധിച്ചുള്ള വലിയ ഭാഗ്യം എന്നും ആസിഫ് അലി പറയുന്നു.