കിരീടം പാലം ഇനി തിലകൻ സ്മാരകം; ഉദ്ഘാടനത്തിന് ലാലേട്ടനേയും കാത്ത് വെള്ളായണിയിലെ നാട്ടുകാർ

39

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ എവർഗ്രീൻ ഹിറ്റായ സിബി മലയിൽ ചിത്രം കിരീടം പ്രേക്ഷകരിലേക്ക് എത്തിയിട്ട് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. പ്രേക്ഷകരിൽ പലരുടേയും മനസിൽ തങ്ങി നിൽക്കുന്ന ഷോട്ടുകളിൽ ഒന്നാണ് സേതുമാധവൻ പാലത്തിൽ നിന്ന് പിന്തിരിഞ്ഞ് നടന്ന് നീങ്ങുന്നത്.

ചിലർക്ക് കിരീടം എന്ന് കേൾക്കുമ്പോൾ ആദ്യം മനസിൽ ഓടിയെത്തുന്ന രംഗവും ഇതാണ്. പാട്ടിൽ, സേതുമാധവന്റേയും ദേവിയുടേയും പ്രണയരംഗങ്ങളിൽ, ഏറ്റവും അടുത്ത കൂട്ടുകാരനായ കേശുവുമായി സംസാരിക്കുമ്പോൾ എല്ലാം പാലവും സേതുമാധവന്റെ ഒപ്പം സ്‌ക്രീനിലുണ്ട്.

Advertisements

കിരീടം സിനിമയുടെ തന്നെ ഒരു പ്രധാന ഭാഗമായ പാലത്തിന് പിന്നീട് കിരീടം പാലം എന്ന് പേര് വീണു. കള്ളിച്ചെല്ലമ്മ, മനസിനക്കരെ, ധ്രുവം, ഒരു സിബിഐ ഡയറിക്കുറിപ്പ് തുടങ്ങിയ ചിത്രങ്ങളിലുമെല്ലാം കഥാപാത്രമായ പാലം നാട്ടുകാരുടെ സ്വകാര്യ അഹങ്കാരമാണ്.

ഇടയ്ക്ക് ജീർണാവസ്ഥയിലായ പാലം പൊതുപ്രവർത്തകൻ ശാന്തിവിള പത്മകുമാർ മുന്നിട്ട് നടത്തിയ ശ്രമങ്ങൾക്കൊടുവിൽ പുതുക്കിപ്പണിതു. പാലം തിലകൻ സ്മാരകമാക്കാനാണ് പ്രദേശവാസികളുടെ തീരുമാനമെന്ന് പത്മകുമാർ റെഡ് എഫ്എമ്മിനോട് പ്രതികരിച്ചു.

കലാകൗമുദിയിൽ ലേഖനങ്ങൾ എഴുതിയിരുന്ന പി എം ബിനുകുമാറാണ് കിരീടം പാലം തിലകൻ സ്മാരകമാക്കാനുള്ള നിർദ്ദേശത്തിന് പിന്നിൽ. ഇതിനോട് നാട്ടുകാർ എല്ലാവരും ഏകകണ്‌ഠേന യോജിക്കുകയായിരുന്നു.

മോഹൻലാൽ വന്ന് തിലകൻ സ്മാരകം ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും പത്മകുമാർ പ്രതീക്ഷ പ്രകടിപ്പിച്ചു.

Advertisement