ശങ്കർ രാമകൃഷ്ണൻ ഒരുക്കിയ പതിനെട്ടാം പടി ഒരുകൂട്ടം പുതുമുഖതാരങ്ങളുമായി തീയറ്ററിലെത്തി മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ചിത്രം കണ്ട പ്രേക്ഷകരുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് മോഡൽ സ്കൂളിലെ 12 അംഗ ഗ്യാങിലെ പ്രധാനി ഗിരി.
ചിത്രത്തിന്റെ സുപ്രധാന രംഗങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച ഈ ചെറുപ്പക്കാരന്റെ പേര് ജിതിൻ പുത്തഞ്ചേരിയെന്നാണ്. മലയാളി ചുണ്ടിൽ മൂളുന്ന ഒരു പിടി നല്ല ഗാനങ്ങൾ ഒരുക്കിയ ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ.
ബോളിവുഡിൽ സംവിധാന സഹായിയായി പ്രവർത്തിക്കുന്ന ജിതിൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് പതിനെട്ടാം പടി. അഭിനയത്തോടുള്ള തീവ്രമായ ആഗ്രഹമാണ് ജിതിനെ സിനിമയിലെത്തിച്ചത്.
അവതരണത്തിന്റെ വൈവിധ്യംകൊണ്ട് ഞെട്ടിച്ച മൃത്യുഞ്ജയം എന്ന ഹ്രസ്വചിത്രത്തിലും നായകൻ ജിതിനായിരുന്നു. തിരുവനന്തപുരത്ത് നടന്ന ആക്ടിംഗ് ക്യാമ്പിലൂടെയാണ് ജിതിൻ പതിനെട്ടാം പടിയിലെത്തിയത്.
കമൽ സംവിധാനം ചെയ്യുന്ന പ്രണയ മീനുകളുടെ കടലും, ഇടക്കാട് ബറ്റാലിയനുമാണ് ജിതിൻ ഇപ്പോൾ ചെയ്യുന്ന ചിത്രങ്ങൾ. പ്രിയദർശൻ ഒരുക്കുന്ന കുഞ്ഞാലിമരയ്ക്കാറിലും ഒരു വേഷം ജിതിൻ ചെയ്യുന്നുണ്ട്. അഭിനയരംഗവുമായി തന്നെ മുന്നോട്ട് പോകാനാണ് ഈ ചെറുപ്പക്കാരൻറെ തീരുമാനം.