മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നവാഗത സംവിധായകരായ ജിബി ജോജു രചനയും സംവിധാനവും നിർവ്വഹിയ്ക്കുന്ന ‘ഇട്ടിമാണി മേഡ് ഇൻ ചൈനയിൽ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കി.
ഇനി സിദ്ദിഖ് രചനയും സംവിധാനവും നിർവ്വഹിയ്ക്കുന്ന ‘ബിഗ് ബ്രദറി’ലാണ് മോഹൻലാൽ അടുത്തതായി അഭിനയിക്കുന്നത്. ഇതിന്റെ ചിത്രീകരണം 11ന് എറണാകുളത്ത് തുടങ്ങും.
200 കോടി ക്ലബ്ബിലെത്തിയ ലൂസിഫറിന്റെ വൻ വിജയത്തിന് ശേഷം തീയേറ്ററുകളിലെത്തുന്ന മോഹൻലാൽ ചിത്രമാണ് ഇട്ടിമാണി മേഡ് ഇൻ ചൈന. തൃശ്ശൂരാണ് കഥാപശ്ചാത്തലം.
32 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ തൃശ്ശൂർ ഭാഷ സംസാരിയ്ക്കുന്ന സിനിമയുമാണ് ഇട്ടിമാണി. പത്മരാജന്റെ തൂവാനത്തുമ്പികളിലാണ് ഒരു മോഹൻലാൽ കഥാപാത്രം ഇതിനുമുൻപ് തൃശ്ശൂർ ഭാഷ സംസാരിച്ചത്.
ഇട്ടിമാണിയിൽ മോഹൻലാലിനൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാർ, വിനു മോഹൻ, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമൾ ശർമ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ഷാജിയാണ് ഛായാഗ്രഹണം. ചൈനയിലെ ഷെഡ്യൂൾ പൂർത്തിയാക്കിയ ഇട്ടിമാണിക്ക് ഇനി എറണാകുളത്ത് 2 ദിവസത്തെ വർക്ക് കൂടി മാത്രമാണുള്ളത്.
അതേസമയം 25 കോടി മുതൽമുടക്കിലാണ് സിദ്ദിഖിന്റെ സംവിധാനത്തിൽ ബിഗ് ബ്രദർ ഒരുങ്ങുക. ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കാനാണ് നിശ്ചയിച്ചിരിയ്ക്കുന്നത്. മോഹൻലാലിനൊപ്പം ബോളിവുഡ് താരം അർബാസ് ഖാൻ, റജീന, സത്ന ടൈറ്റസ്, ജനാർദ്ദനൻ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണൻ, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, ടിനി ടോം, സർജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്നു.
ബംഗളൂരുവാണ് പ്രധാന ലൊക്കേഷൻ. മോഹൻലാൽ സിദ്ദിഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാവും ബിഗ് ബ്രദർ. സിദ്ദിഖ് ലാൽ ചിത്രം വിയറ്റ്നാം കോളനിയാണ് (1992) ഇവരുടെ ആദ്യ ചിത്രം. സിദ്ദിഖ് സ്വതന്ത്ര സംവിധായകനായതിന് ശേഷം ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രം 2013ൽ പുറത്തിറങ്ങി.