പ്രശസ്ത ഭോജ്പൂരി നടി റിതു സിംഗ് വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ഹോട്ടലിൽ വെടിവയ്പ്പ് നടത്തിയ യുവാവ് അറസ്റ്റിൽ.
പങ്കജ് യാദവ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ റോബേർട്‌സ്ഗഞ്ജിൽ ശനിയാഴ്ചയായിരുന്നു സംഭവം.
ഒരു സിനിമയുടെ ഷൂട്ടിനായി സോമബാന്ദ്ര ജില്ലയിലെ റോബേർട്‌സ്ഗഞ്ജിലെ ഹോട്ടലിൽ എത്തിയതായിരുന്നു നടി. കുറച്ച് മാസങ്ങളായി റിതു സിംഗിനെ പിന്തുടരുകയായിരുന്നു പങ്കജ് അവരെ കാണാനായി ഹോട്ടലിൽ എത്തി.
തോക്കുമായി ഹോട്ടലിലെത്തിയ പങ്കജ്, റിതു സിംഗ് താമസിക്കുന്ന മുറി ചവിട്ടി പൊളിക്കുകയും തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഷൂട്ടിങ്ങിനായി മുംബൈയിൽ നിന്നെത്തിയ അണിയറപ്രവർത്തകർ ഹോട്ടലിലെ മറ്റ് മുറികളിൽ താമസിക്കുന്നുണ്ടായിരുന്നു. റിതു സിംഗിന്റെ ശബ്ദ് കേട്ട് എത്തിയ അണിയറപ്രവർത്തകർ പങ്കജിനെ പിടിച്ച് മാറ്റാൻ ശ്രമിച്ചങ്കിലും വെടിയുതിർക്കുമെന്ന് അയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇതിനിടയിൽ റിതുവിനെ രക്ഷപ്പെടുത്താനെത്തിയ അശോക് എന്നയാൾക്ക് നേരെ പങ്കജ് വെടിയുതിർത്തു. സാരമായി പരിക്കേറ്റ അശോകിനെ അണിയറപ്രവർത്തകർ ചേർന്ന് ആശുപത്രിയിലെത്തിച്ചു.
ഹോട്ടലിലെ മുറിക്കുള്ളിൽ വെടിയുതിർക്കുന്നതിന്റെ ശബ്ദം കേട്ട ജീവനക്കാർ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് എത്തുകയും പങ്കജിന്റെ പക്കൽനിന്ന് റിതുവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തി.
അതിനിടയിൽ എസ്പി പാട്ടിലിന് നേരെയും പങ്കജ് വെടിയുതിർത്തു. എന്നാൽ നിസാര പരിക്കുകളോടെ അദ്ദേഹം രക്ഷപ്പെട്ടു.
തുടർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ റിതുവിനെ പൊലീസ് രക്ഷപ്പെടുത്തുകയും പങ്കജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.