റോഷന്‍ ആന്‍ഡ്രൂസ് കേരളത്തിന്റെ റോബിന്‍ ഹുഡ് കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥ ബിഗ്‌സ്‌ക്രീനിലെത്തിക്കുകയാണ് .
ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തെത്തിയപ്പോള്‍ മുതല്‍ കൂടുതല്‍ ശ്രദ്ധ ലഭിച്ചത് മോഹന്‍ലാലിന്റെ ഇത്തിക്കര പക്കി എന്ന കഥാപാത്രത്തിനായിരുന്നു. കൊച്ചുണ്ണിയുടെ ജീവിതം വെറുമൊരു കഥ മാത്രമല്ല. അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്ന ഇത്തിക്കര പക്കി യഥാര്‍ത്ഥത്തില്‍ ആരായിരുന്നുവെന്ന് നോക്കാം.
ഇത്തിക്കരപക്കിയെന്ന അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ‘മുഹമ്മദ് അബ്ദുള്‍ ഖാദര്‍’എന്നായിരുന്നു. ഏതഭ്യാസത്തിലും മിടുക്കനുമായിരുന്നു, ആറ്റില്‍ വീണ് ജീവനു വേണ്ടി കേണ നിരവധി പേരെ പക്കി രക്ഷപ്പെടുത്തിയിട്ടുണ്ട്.
ജന്മിമാര്‍ക്കു വേണ്ടി ആറ്റിലൂടെ കെട്ടുവള്ളത്തില്‍ കൊണ്ടുപോകുന്ന കാര്‍ഷിക വിളകളും മറ്റും തട്ടിയെടുത്ത് നിര്‍ധനരായ പാവങ്ങളുടെ വീടുകളില്‍ കൊണ്ടുപോയി കൊടുത്തിരുന്നു. എവിടേയും എത്ര വേഗത്തിലും പോയി കൃത്യം നടത്തുവാനുള്ള പ്രാവീണ്യം കൊണ്ടാണ് ‘പക്കി’ എന്ന പേരുണ്ടാകാന്‍ കാരണം.
തിരുവിതാംകൂര്‍ രാജഭരണത്തിന്റെ അവസാനഘട്ടങ്ങളില്‍ കൊല്ലം പരവൂര്‍ കായലിലും, ആറ്റിങ്ങലിലെ ഇന്നത്തെ പൂവന്‍പാറ ആറിനു സമീപവും പക്കി പകല്‍കൊള്ള നടത്തിയതായി ചരിത്രം പറയുന്നു.
അന്ന് ആ പ്രദേശത്തെ ആദ്യ പോലീസ് സ്റ്റേഷന്‍ പരവൂരായിരുന്നു. അവിടുത്തെ പോലീസുകാര്‍ക്കെല്ലാം പക്കിയെ വലിയ ഭയമായിരുന്നു.
അക്കാലത്ത് പരവൂര്‍ കായലിലൂടെ കായംകുളത്തു നിന്നും, കൊല്ലത്ത് നിന്നും, തിരുവനന്തപുരത്തേക്ക് വലിയ വള്ളങ്ങളില്‍ ചരക്ക് കടത്ത് ഉണ്ടായിരുന്നു, ഇതില്‍ നിന്നും കൊള്ള നടത്താന്‍ കായംകുളം കൊച്ചുണ്ണിക്കൊപ്പം പക്കിയും കാണുമായിരുന്നു.
45-മത്തെ വയസില്‍ കാന്‍സര്‍ പിടിപെട്ടാണ് പക്കി മരണത്തിന് കീഴടങ്ങുന്നത്. മൈലക്കാട് സിത്താരമുക്കിലെ കൊട്ടുമ്പുറം പള്ളിയിലെ ഖബറിലാണ് ഇത്തിക്കരപക്കി അന്ത്യവിശ്രമം കൊള്ളുന്നത്.