കോടികള്‍ നേടിയെടുത്ത് തകര്‍പ്പന്‍ പ്രദര്‍ശനം തുടരുന്ന ഇളയദളപതി വിജയ് ചിത്രം സര്‍ക്കാര്‍ കണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്, എന്താണ് സെക്ഷന്‍ 49 പി എന്ന്. തിയ്യറ്ററില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ പലരും ഗൂഗിളില്‍ തിരഞ്ഞതും ഈ ചോദ്യത്തിനുള്ള മറുപടിയാവും.
കള്ളവോട്ടിനെതിരെ നിയമപരമായി പോരാട്ടത്തിനിറങ്ങുന്ന സുന്ദറിന്റെ കഥ പറയുന്ന ചിത്രമാണ് സര്‍ക്കാര്‍. കള്ളവോട്ടുമായി ബന്ധമുള്ളതാണ് സെക്ഷന്‍ 49 ഉം
എന്താണ് സെക്ഷന്‍ 49 പി?
1961ലാണ് ഈ നിയമം വന്നത്. ഒരു സമ്മതിദായകന്‍ വോട്ടു ചെയ്യാനായി എത്തുമ്പോള്‍ അയാളുടെ ഐഡന്റിറ്റിയില്‍ മറ്റൊരു വോട്ടര്‍ വോട്ടു ചെയ്‌തെന്നു കണ്ടെത്തുകയാണെങ്കില്‍, വോട്ടു ചെയ്യാനെത്തിയ വ്യക്തിയെ ഉടന്‍ വോട്ടു ചെയ്യാന്‍ അനുവദിക്കുന്നതിനു പകരം പ്രിസൈഡിങ് ഓഫീസര്‍ അദ്ദേഹത്തിന്റെ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കണം.
ഈ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായി മറുപടി ലഭിച്ചു കഴിഞ്ഞാല്‍ അദ്ദേഹത്തെ സാധാരണ ബാലറ്റിങ് യൂണിറ്റ് വഴി വോട്ടു ചെയ്യാന്‍ അനുവദിക്കുന്നതിനു പകരം പ്രത്യേക രൂപത്തിലുള്ള ബാലറ്റ് പേപ്പര്‍ നല്‍കണം. ഈ ബാലറ്റ് പേപ്പറിന്റെ ഡിസൈന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശിക്കുന്ന തരത്തിലുള്ള ഭാഷയിലോ ഭാഷകളിലോ തയ്യാറാക്കിയതായിരിക്കണം.
ഈ ബാലറ്റ് പേപ്പര്‍ ലഭിച്ചുകഴിഞ്ഞാല്‍ വോട്ടര്‍ക്ക് ഫോം 17 ബിയില്‍ അദ്ദേഹത്തിന്റെ പേരു രേഖപ്പെടുത്തി പതിവു രീതിയില്‍ വോട്ടു രേഖപ്പെടുത്താം.ഇളയദളപതിയുടെ ദീപാവലി ചിത്രമായ സര്‍ക്കാര്‍ കേരളത്തിലടക്കം മികച്ച അഭിപ്രായം നേടി മുന്നോട്ടു പോകുകയാണ്.
വിജയ് ചിത്രം സര്‍ക്കാരിലെ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ പലതും ഇതിനകം വിവാദമാകുകയും ചെയ്തിരുന്നു. ഇത്തരം ഭാഗം നീക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് വിവരസാങ്കേതിക വകുപ്പ് മന്ത്രി കടമ്പൂര്‍ രാജന്‍ രംഗത്തുവന്നിരുന്നു. ചിത്രത്തെക്കുറിച്ചു പരാതികള്‍ ലഭിച്ചിട്ടുണ്ട്. വളര്‍ന്നു വരുന്ന നടനായ വിജയിയെ സംബന്ധിച്ചളടുത്തോളം ഇതു നല്ലതല്ല. ജനങ്ങള്‍ ഈ സീനുകള്‍ അംഗീകരിക്കില്ലെന്നും കടമ്പൂര്‍ രാജന്‍ പറഞ്ഞിരുന്നു.
ചിത്രത്തിലെ ‘ഒരു വിരല്‍ പുരട്ചി’ എന്ന ഗാനത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ജനങ്ങള്‍ കത്തിച്ചെറിയുന്ന ദൃശ്യമുണ്ട്. സംവിധായകന്‍ എ.ആര്‍ മുരുഗദോസ് തന്നെ ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുകയും സര്‍ക്കാരിന്റെ സഹായങ്ങള്‍ കത്തിക്കുകയും ചെയ്യുന്നുണ്ട്. ഈ രംഗങ്ങളാണ് തമിഴ്നാട് സര്‍ക്കാരിനെ ചൊടിപ്പിച്ചിരിക്കുന്നത്.